കോട്ടയം- അറേബ്യൻ കടൽ അതിരിടുന്ന ആലപ്പുഴ മണ്ഡലത്തിൽ ഇക്കുറി കെ.സി വേണുഗോപാലിനെ തളയ്ക്കാൻ സിപിഎം വനിതാ സ്ഥാനാർഥിയെയും തേടുന്നു. മാവേലിക്കര മുൻ എംപിയും വനിതാ നേതാവുമായ സി.എസ് സുജാതയെയാണ് സി.പി.എം പരിഗണിക്കുന്നത്. ഒപ്പം കഴിഞ്ഞ തവണ മത്സരിച്ച സി.പി.എം മുൻ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെയും അരൂർ എംഎൽഎ എ.എം ആരിഫിനെയും പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് പട്ടികയിലുളള രണ്ടു പേരും എഐസിസി സെക്രട്ടറിമാരാണ്. പട്ടികയിൽ ഒന്നാമൻ കെ.സി വേണുഗോപാലാണ്. സിറ്റിംഗ് എംപിയും കോൺഗ്രസ് ഹൈക്കമാന്റിന്റെ പ്രിയങ്കരനുമായ കെ.സി വേണുഗോപാലിനു പകരക്കാരനുണ്ടാകുമെന്ന് ആരും കരുതുന്നില്ല.. എങ്കിലും സ്ഥാനാർഥി പരിഗണനാ ലിസ്റ്റിൽ രണ്ടാമൻ എഐസിസി സെക്രട്ടറി പി. വിഷ്ണുനാഥാണ്. വലിയ പ്രതീക്ഷ വച്ചു പുലർത്താത്ത ബിജെപി ഇവിടെ ജില്ലാ പ്രസിഡന്റ് കെ. സോമനെയും എഴുത്തുകാരനായ അമ്പലപ്പുഴ ഗോപകുമാറിനെയുമാണ് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴയിലെ അരൂർ മുതൽ കൊല്ലം ജില്ലയിലെ ചവറ വരെ നീണ്ടു കിടക്കുന്ന മണ്ഡലത്തിൽ തെളിയുക തീരദേശ ജനതയുടെ ജീവിത ചിത്രങ്ങളാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലായ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ നിലവിലുളള നിയമസഭാ മണ്ഡല സ്ഥിതി വിവരം പരിശോധിച്ചാൽ യുഡിഎഫിന് നിരാശയായിരിക്കും. ഏഴു മണ്ഡലങ്ങളിൽ യുഡിഎഫ് പ്രതിനിധി ഹരിപ്പാട് മാത്രം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അവിടുത്തെ പ്രതിനിധി. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമാണെങ്കിലും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ വിജയത്തിന്റെ ഹാട്രിക്കിലാണ്. അതുകൊണ്ടു തന്നെ ഭാരിച്ച ചുമതലകൾക്കിടയിലും കെ.സിയെ മാറ്റി മറ്റൊരാളെ മത്സരിപ്പിക്കാൻ കോൺഗ്രസ് തയാറാകുമോ എന്ന കാര്യത്തിൽ സംശയമാണ്. പി. വിഷ്ണുനാഥിന്റെ പേര് സാധ്യത പട്ടകയിൽ ഉണ്ടെങ്കിലും കെസിയെ മാറ്റാനുളള സാഹചര്യം നിലവിലില്ല. ഇനി സംഘടനാ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി മത്സരിക്കേണ്ടെന്ന് കോൺഗ്രസ് പ്രസിഡന്റ് തീരുമാനിച്ചാൽ കളം മാറും. പക്ഷേ അതിന് ഇതുവരെ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസിക സമരഭൂമിയാണെങ്കിലും ലോക്‌സഭയിൽ പാർട്ടിക്ക് ആ പിന്തുണ ലഭിച്ചില്ലെന്നതാണ് ചരിത്രം. കെ.ആർ ഗൗരിയമ്മയും വി.എസ് അച്യുതാനന്ദനും, പി. കൃഷ്ണപിളളയും ഉൾപ്പടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര നേതാക്കളുടെ ഭൂമിയാണെങ്കിലും ഇതുവരെയുളള 13 തെരഞ്ഞെടുപ്പുകളിൽ നാലു തവണ മാത്രമാണ് ഇടതുമുന്നണി വിജയിച്ചത്. അതിൽ തന്നെ ടി.ജെ ആഞ്ചലോസിന്റെ മിന്നുന്ന വിജയം ചരിത്രമാവുന്നു. 1991 ലെ തെരഞ്ഞെടുപ്പിൽ
ആഞ്ചലോസ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് വക്കം പുരുഷോത്തമനെയാണ് തോൽപ്പിച്ചത്. സിപിഎമ്മിന്റെ തീപ്പൊരി നേതാക്കളിൽ ഒന്നായിരുന്ന ആഞ്ചലോസിന്റെ വിജയത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. രാജീവ് ഗാന്ധിയുടെ വധത്തെ തുടർന്നുളള സഹതാപ തരംഗത്തിൽ രാജ്യമാകെ കോൺഗ്രസ് തൂത്തുവാരി. കേരളത്തിൽ 17 സീറ്റിലും വിജയം. ഈ സഹതാപ കാറ്റിലും ആലപ്പുഴയെ ആഞ്ചലോസ് ഇടതു തീരത്തണച്ചു. അതും 14,075 വോട്ടുകൾക്ക്. പക്ഷേ പാർട്ടിയുടെ കരുത്തനായ സാരഥിയ്ക്ക് പിന്നീട് കരിദിനങ്ങളായിരുന്നു. ഒടുവിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറിയായി.
പ്രമുഖരുടെ ഒരു നിരയെ തന്നെ ആലപ്പുഴ ലോക്‌സഭയിലെത്തിച്ചിട്ടുണ്ട്. 1962 ൽ മണ്ഡലം പിറന്ന ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരാണ് വിജയിച്ചത്. 1977 ൽ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ കരുത്തുറ്റ സാരഥി വി.എം സുധീരനായിരുന്നു വിജയി. 1980 ൽ മുൻ മന്ത്രി കൂടിയായ സിപിഎമ്മിലെ സുശീല ഗോപാലൻ വിജയിച്ചു. തുടർന്നു വന്ന 1984 1989 വർഷങ്ങളിൽ മുൻ ഗവർണനും സ്പീക്കറുമായ വക്കം പുരുഷോത്തമനായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. 1991 ൽ വക്കത്തെ ആഞ്ചലോസ് തോൽപ്പിച്ചു.
പിന്നെ ആലപ്പുഴയിൽ സുധീരന്റെ പടയോട്ടമായിരുന്നു, ഇവിടെ ഹാട്രിക്ക് വിജയം നേടിയാണ് സുധീരൻ പിൻവാങ്ങുന്നത്. 1996, 1998, 1999 വർഷങ്ങളിൽ. 2004ൽ സിപിമ്മിലെ ഡോ. കെ.എസ് മനോജ് സുധീരനെ അട്ടിമറിച്ചു.
തീരദേശ മേഖലയുടെ പ്രശ്‌നങ്ങളും കയർ മേഖല വർഷങ്ങളായി നേരിടുന്ന പ്രതിസന്ധിയുമായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പിൽ ഉയർന്നുവരാവുന്ന വിഷയങ്ങൾ. എന്നാൽ കഴിഞ്ഞ ഏഴുവർഷങ്ങളിൽ കയർമേഖലയ്ക്കായി പുതിയ വ്യവസായങ്ങൾ തുറന്നില്ലെന്നതാണ് ഏറ്റവും വലിയ പരാതി. നിയമസഭാ മണ്ഡലങ്ങളിലെ ഇടതു മുന്നേറ്റവും ഇടതു മന്ത്രിസഭയിലെ മന്ത്രി സാന്നിധ്യവും ഇടതുമുന്നണിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. പക്ഷേ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ രണ്ടാമനായി ഉയർന്ന കെസിയുടെ സാന്നിധ്യമാണെങ്കിൽ കോൺഗ്രസിന് സംശയമേയില്ല. വിജയം ഉറപ്പ്.