മഞ്ചേരി- ഭാര്യാ സഹോദരിയെ തോട്ടിൽ തള്ളിയിട്ട ശേഷം മുക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് മഞ്ചേരി ജില്ലാ കോടതി ഇരട്ട ജീവപര്യന്തം തടവും 1,20,000 രൂപ പിഴും ശിക്ഷ വിധിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് പള്ളിക്കുന്ന് വെല്ലടിക്കാട്ടിൽ അബ്ദുറഹ്മാൻ (60) നെയാണ് ജില്ലാ ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. അബ്ദുറഹ്മാന്റെ ഭാര്യാ സഹോദരിയായ എടയൂർ പൂക്കാട്ടിരി ജുവൈരിയ്യയാണ് കൊല്ലപ്പെട്ടത്. 2015 ഓഗസ്റ്റ് ആറിനാണ് സംഭവം.
വീട്ടിലെ ആഭരണങ്ങൾ കാണാതായ സംഭവത്തിൽ ജുവൈരിയ അബ്ദുറഹ്മാനെ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. ആരോപണങ്ങൾ ബലപ്പെട്ടതോടെ ദർഗയിൽ വെച്ച് സത്യം ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് അബ്ദുറഹ്മാൻ ജുവൈരിയയെ തമിഴ്‌നാട് അപ്രപാളയത്ത് കൊണ്ടുപോയി. അവിടെ വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ദർഗയിലേക്കുള്ള ബസ്‌യാത്രക്കിടയിൽ പ്രതി ജുവൈരിയക്ക് ഉറക്കഗുളിക നൽകിയിരുന്നു. അബോധാവസ്ഥയിലായ ജുവൈരിയയെ പുഴയിലേക്ക് തള്ളിയിടാൻ പല തവണ ശ്രമിച്ചു. ശ്രമം പാളിയതോടെ ബസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പെരിന്തൽമണ്ണയിൽ ബസിറങ്ങിയ ശേഷം അബോധാവസ്ഥയിലുള്ള ജുവൈരിയയെ ഓട്ടോറിക്ഷയിൽ കയറ്റി പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടുപോയി. പാങ്ങോട്-മണ്ടായി ട്രാക്ടർ പാലത്തിൽ നിന്നും ജുവൈരിയ്യയെ തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി ജുവൈരിയ്യയുടെ വസ്ത്രങ്ങൾ അഴിച്ച് തോട്ടിൽ ഒഴുക്കി കളയുകയും രണ്ട് സ്വർണ വളകളും മാലയും മൊബൈൽ ഫോണും കവരുകയും ചെയ്തു. തൊണ്ടി മുതലുകൾ അബ്ദുറഹ്മാന്റെ വീട്ടിൽ നിന്നും ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
വളാഞ്ചേരി സി.ഐ ആയിരുന്ന കെ.ജി സുരേഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. 42 സാക്ഷികളുള്ള കേസിൽ 23 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 55 രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു ഹാജരായി.
ഭാര്യാ സഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ് വരികയാണ് അബ്ദുറഹ്മാൻ. മുൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ അഞ്ചു വർഷം റിമാന്റിൽ കഴിഞ്ഞ ഇയാളെ കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.