കൊച്ചി- ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ടു സീറ്റ് നൽകുന്നത് സംബന്ധിച്ച ആവശ്യത്തിൽ തീരുമാനമായില്ല. കേരള കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് രണ്ടു വട്ടം നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. രണ്ടു സീറ്റ് നൽകുന്നതിലെ അപ്രായോഗികത കോൺഗ്രസ് കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ആലുവയിൽ ചർച്ച തുടരും. പാർട്ടി അയഞ്ഞെന്ന് കരുതേണ്ടെന്നും രമ്യമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ.എം മാണി വ്യക്തമാക്കി. അതേസമയം പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ട മൂന്നു സീറ്റുകളിൽ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും പി.ജെ ജോസഫ് കൊച്ചിയിൽ പറഞ്ഞു.