Sorry, you need to enable JavaScript to visit this website.

ബൽറാമിന് രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി; പരസ്യശാസനയിലേക്ക് പോകുന്നില്ലെന്ന് മുന്നറിയിപ്പ്

കൊച്ചി- വി.ടി ബൽറാം എം.എൽ.എക്കെതിരെ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബൽറാം ഫെയ്‌സ്ബുക്ക് ജീവിയാണെന്ന തരത്തിൽ നേരത്തെ മുല്ലപ്പള്ളി ഉയർത്തിയ വിമർശനത്തിന് ബൽറാം മറുപടി പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും തനിക്കെതിരായ ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അവഗണിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും തൽക്കാലം പരസ്യശാസയിലേക്ക് പോകുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കാസർക്കോട് കൊലപാതകവുമായി ബന്ധപ്പെട്ട് സാംസ്‌ക്കാരിക പ്രവർത്തകരുടെ മൗനത്തിനെതിരെ ബൽറാം രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് എഴുത്തുകാരി കെ.ആർ മീരയുമായുള്ള വാഗ്വാദത്തിൽ എത്തുകയും ചെയ്തു. ഇതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. 
ബൽറാം ഫെയ്‌സ്ബുക്ക് ജീവിയാണെന്ന മുല്ലപ്പള്ളിയുടെ വിമർശനത്തിനെതിരെ ഇന്നലെ ബൽറാം രംഗത്തെത്തുകയും ചെയ്തു. തന്റെ ഒരു ദിവസത്തെ പ്രവർത്തനം വിശദീകരിച്ചാണ് ബൽറാം മുല്ലപ്പള്ളിക്ക് മറുപടി പറഞ്ഞിരുന്നത്. 

ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച
പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം
കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച
പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പി.ഡബ്യു.ഡി റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.
ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു.
ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്‌സിക്കൽ െ്രെപംമിനിസ്റ്റർ.
പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം
തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.
അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.
കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.
രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.
.......
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഉഇഇ പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.
 

Latest News