റിയാദ്- പിന്‍ നമ്പറുകള്‍ക്ക് പകരം ഉപയോക്താക്കളുടെ മുഖം എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന നവീന സാങ്കേതികവിദ്യ സൗദിയിലെ ബാങ്കുകള്‍ വൈകാതെ നടപ്പാക്കിത്തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ ത്വല്‍ഹത് ഹാഫിസ് പറഞ്ഞു.
എ.ടി.എമ്മുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ എളുപ്പമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യ സഹായകമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. സൗദിയില്‍ മുഖമടയാളം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം വികസിപ്പിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ നിലവില്‍ ജപ്പാനിലെയും തായ്‌വാനിലെയും സ്‌പെയിനിലെയും ഏതാനും നഗരങ്ങളിലുണ്ട്. പുതിയ സാങ്കേതികവിദ്യ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. വൈകാതെ ഇത് സൗദിയില്‍ ഉപയോക്താക്കള്‍ക്കു വേണ്ടി പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മിച്ച് പണം പിന്‍വലിക്കലും എ.ടി.എം വഴിയുള്ള മറ്റു തട്ടിപ്പുകളും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പുതിയ സാങ്കേതികവിദ്യ പരിഹാരമാകുമെന്നും എ.ടി.എം കാര്‍ഡില്ലെങ്കിലും ടെല്ലര്‍ മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എ.ടി.എമ്മുകളില്‍ ഫെയ്‌സ് റീഡര്‍ സ്ഥാപിച്ചാണ് പുതിയ സംവിധാനം ബാങ്കുകള്‍ ഏര്‍പ്പെടുത്തുകയെന്ന് ബയോമെട്രിക് അപ്‌ഡേറ്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിംഗ് ഇടപാടുകള്‍ എളുപ്പവും സുരക്ഷിതവുമാക്കി മാറ്റുന്നതിന് പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നതിന് നിലവില്‍ സൗദിയിലെ ബാങ്കുകള്‍ക്ക് നീക്കമില്ലെന്നും ത്വല്‍ഹത് ഹാഫിസ് പറഞ്ഞു.