കാസര്‍കോട്- പെരിയ കല്ലിയോട്ടെ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വസതികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പുല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദന്‍, കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി അബ്ബാസ് കളനാട്, മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ ഹനീഫ കോളിയടുക്കം, സംയുക്ത ജമാഅത്ത് സെക്രട്ടറി ഹമീദ് കുണിയ, നസീര്‍ കുവ്വത്തൊട്ടി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.