ബുറൈദ - അല്‍ഖസീം പ്രവിശ്യയിലെ ഉയൂനുല്‍ജവായില്‍ ബിനാമിയായി വെറ്ററിനറി ഫാര്‍മസി നടത്തിയ ഈജിപ്തുകാരനെയും ഇതിന് കൂട്ടുനിന്ന സൗദി പൗരനെയും ബുറൈദ ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരന്‍ അശ്‌റഫ് ജലാല്‍ ഇബ്രാഹിം അല്‍ദഊശി, സൗദി പൗരന്‍ സുവൈലിഹ് ബിന്‍ ഖുലൈഫ് അലി അല്‍റശീദി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ നാടുകടത്തുന്നതിനും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവര്‍ നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും ഈജിപ്തുകാരന്റെയും സൗദി പൗരന്റെയും സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.