റിയാദ്- ഹാരയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ പാലക്കാട് വാണിയംകുളം മനശ്ശേരി സ്വദേശി വടക്കോട്ട് ഹൗസില്‍ ഗണേശന്റെ മൃതദേഹം ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ഇന്ന് നാട്ടിലെത്തിക്കും. ഭാര്യ കാന്തി ലക്ഷ്മിയും മകള്‍ ദേവികയും ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് തിരിച്ചു.
ഹാരയിലെ ഫ്‌ളാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അദ്ദേഹത്തിന് ബുധനാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷമായി റിയാദിലുള്ള ഗണേഷ് കാനു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ കാന്തി റിയാദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗേള്‍സ് വിഭാഗത്തില്‍ സീനിയര്‍ സൂപ്പര്‍വൈസറാണ്. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മൂത്ത മകള്‍ ദേവികയുടെ വിവാഹം മെയ് 23 ന് നടക്കാനിരിക്കുകയാണ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരികയായിരുന്നു ഗണേശന്‍.