ദുബായ്- നഗരത്തിലെ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ പരിസ്ഥിതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 1730 കിലോഗ്രം മത്സ്യം പിടിച്ചെടുത്തു. കടയുടമകള്‍ക്ക് നിയമലംഘനത്തിന് നോട്ടീസ് നല്‍കി.
പിടിച്ചെടുത്ത മത്സ്യം ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കി പാവപ്പെട്ടവര്‍ക്ക് എത്തിച്ചു. മത്സ്യബന്ധന നിയമങ്ങള്‍ തെറ്റിച്ചതിനാണ് മത്സ്യം പിടിച്ചെടുത്തത്.
ദുബായ് നഗരസഭയുമായി ചേര്‍ന്നായിരുന്നു പരിശോധന. പരിസ്ഥിതി, കാര്‍ഷിക, മൃഗസംരക്ഷണ നിയമങ്ങള്‍ പാലിച്ചാണോ മത്സ്യബന്ധനം എന്നാണ് പ്രധാനമായും പരിശോധിച്ചത്.
വലിപ്പം കുറഞ്ഞ മത്സ്യങ്ങള്‍ പിടിക്കുന്നതിനുള്ള നിരോധം ലംഘിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്രാവുകളെ പിടിച്ച് വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. ഇതും ലംഘിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്രാവുകളെ പിടിക്കുന്നത് നിരോധിച്ചത്.