രണ്ടാം യു.പി.എ സർക്കാരിൽ ധനമന്ത്രി പി. ചിദംബരം ബജറ്റ് അവതരിപ്പിച്ച വേള. അപ്പോഴാണ് ജിദ്ദയിലെ ഒരു കൂട്ടായ്മ ഓൾഡ് എയർപോർട്ടിനടുത്തുള്ള സ്‌കൂളിൽ ബജറ്റാനന്തര ചർച്ച സംഘടിപ്പിച്ചത്. ഇക്കണോമിക്‌സ് പഠിച്ചത് കൊണ്ടാവണം സംഘാടകർ മോഡറേറ്ററായി ക്ഷണിച്ചത്. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്. സംവാദത്തിൽ പങ്കെടുത്ത കുട്ടികളിൽ ഭൂരിഭാഗവും ഇംഗ്ലീഷിൽ ഭംഗിയായി വിഷയം അവതരിപ്പിച്ചു. ബജറ്റിൽ പ്രതിരോധനത്തിന് ഇത്രയേറെ തുക മാറ്റി വെക്കുന്ന നിലപാടിനെ അതിലൊരു വിദ്യാർഥിനി വിമർശിച്ചത് ശ്രദ്ധേയമായി. ഒരു മാധ്യമ പ്രവർത്തകന്റെ മകളാണ്. ഇത്രയും തുക പുതിയ തലമുറയുടെ വിദ്യാഭ്യാസത്തിന് വേണ്ടി മാറ്റി വെച്ചിരുന്നുവെങ്കിൽ അതെത്ര മാത്രം ഉപകാരപ്പെടുമെന്ന് കുട്ടി വിശദീകരിക്കകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി മനുഷ്യർ പങ്ക് വെക്കുന്നതും ഇതേ വികാരമാണ്. യുദ്ധമെന്നത് രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഇണങ്ങുന്നതല്ലെന്ന് വിവേകശാലികൾക്കെല്ലാം തിരിച്ചറിയാനാവും. വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമാൻ സമാധാനത്തിന്റെ പ്രതീകമായി മാറിയതും ഇക്കാരണത്താലാണ്. ഒരു സൈനികനെ രാജ്യം ഇത്രയേറെ ആദരിച്ച അവസരം ഇതിന് മുമ്പുണ്ടായിട്ടില്ല. ഇന്ത്യയുടെ ഉരുക്കു വനിതയും ആദ്യ പ്രതിരോധ മന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ മഹത്വം പാക്കിസ്ഥാനുമായി ഏറ്റുമുട്ടേണ്ട സാഹചര്യത്തിൽ എല്ലാവരും ഓർത്തു പോകും.
*** *** ***
ഇന്ത്യൻ വ്യോമസേന അതിർത്തി കടന്ന് പാക്കിസ്ഥാനിലെ പഞ്ച നക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങളുള്ള ജയ്‌ഷെ ക്യാമ്പ് അടിച്ചു നിരപ്പാക്കിയത് പിന്നിട്ട വാരത്തിൽ മലയാളികളുടെ പ്രധാന ആഘോഷമായിരുന്നു. മുന്നൂറ് തീവ്രവാദികളെ ശരിപ്പെടുത്തിയ വിവരമറിഞ്ഞ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും അയച്ചു കൊടുത്തു കരിങ്കോഴി കുഞ്ഞുങ്ങളെ. അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ഫേസ് ബുക്കിലും ട്വിറ്ററിലും മലയാള വാക്കുകളുടെ പെരുമഴക്കാലം കണ്ട് കറാച്ചി അങ്ങാടിയിൽ വല്ല മലയാളം വാധ്യാരുടെ സേവനം ലഭ്യമാണോ എന്ന് മൂപ്പർ അന്വേഷിക്കുന്നുണ്ട്.
കുറച്ചു സാമ്പിളുകളിതാ- ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ, രണ്ട് കരിങ്കോഴി കുഞ്ഞുങ്ങളെ എടുക്കട്ടേ.. നല്ല ഉറക്കത്തിലായിരുന്ന തീവ്രവാദി മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ
ചുറ്റും ഇടിയും മിന്നലും. ഇതെല്ലാം വായിച്ച് രസിച്ചിരിക്കുമ്പോഴാണ് രാജസ്ഥാനിൽ മോഡിജിയുടെ പ്രസംഗം. പഴയ നോട്ട് ബന്ദിയേക്കാൾ കൂടി ആത്മ വിശ്വാസത്തോടെയുള്ള വാക്കുകൾ.
ഇതേ ദിവസം രാത്രി വിഷയം ചർച്ച 24 ചാനലിൽ മേജർ രവി മികച്ച വ്യാഖ്യാനവും നൽകി. ആലുവയിലെ പ്രളയ ശേഷവും ഒട്ടും മാറിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ പ്രഭാഷണം.
മേജറിന്റേയും സുരേഷ് ഗോപിയുടേയും സേവനം ഇന്ത്യയ്ക്ക് സംഘർഷ വേളകളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
*** *** ***
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരമെന്ന ലാഘവത്തോടെയാണ് സോഷ്യൽ മീഡിയയിൽ യുദ്ധത്തിന് പലരും ആഹ്വാനം ചെയ്യുന്നതെന്ന് ബോളിവുഡ് താരം പ്രീതി സിന്റ.
സൈനികന്റെ മകളായ ഞാൻ പറയാം...ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യേണ്ടത് ഭീകരവാദത്തിനെതിരെയും ദാരിദ്രത്തിനെതിരെയും നിരക്ഷരതയ്‌ക്കെതിരെയുമാണ്. പരസ്പരമുള്ള പോരല്ല പ്രശ്‌നങ്ങൾക്ക് പരിഹാരം. പ്രീതി സിന്റയുടെ വാക്കുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി. അതിർത്തിയിലെ യുദ്ധം എന്താണെന്ന് ഒരു സൈനികന്റെ മകളായ തനിക്കറിയാമെന്നും അതിന്റെ ഭീകരത വലുതാണെന്നും പ്രീതി ഓർമിപ്പിച്ചു. കീബോർഡ് വാരിയേഴ്‌സ് യുദ്ധത്തിന്റെ കെടുതികളറിയണമെന്നും ഇനി ഒരു യുദ്ധം ഉണ്ടാകരുതെന്നും സെ നോ ടു വാർ എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണവും തുടങ്ങി.
പ്രീതി ഇത്രയും പറഞ്ഞപ്പോൾ പഴയ കാല മലയാള താരം രോഹിണി മനോരമ ചാനലിൽ പറഞ്ഞത് കുറച്ചു കൂടി കടുപ്പത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലെ ഒരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്നാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ രോഹിണി പറഞ്ഞത്. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു രോഹിണിയുടെ പ്രതികരണം.
കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ ഒരുപാട് ഹിന്ദുത്വവൽക്കരണം കണ്ടു. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവർക്ക് ഒപ്പം നിൽക്കുന്ന ഭരണാധികാരിയെ ആവശ്യമില്ലെന്നും രോഹിണി വ്യക്തമാക്കി. ഇനി മത്സരിക്കരുതെന്നാണ് അദ്ദേഹത്തോട് അപേക്ഷിക്കാനുള്ളതെന്നാണ് രോഹിണി പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ സംഘർഷം രൂപപ്പെട്ടപ്പോൾ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസുഫ്‌സായ് അതിർത്തിയ്ക്ക് ഇരുവശവും കഴിയുന്ന മനുഷ്യരെ കുറിച്ചാണ് ആശങ്കപ്പെട്ടത്.
*** *** ***
ബോളിവുഡ് താരം ശ്രീദേവി ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബാത്ത് ടബിൽ വീണ് മരിച്ചത് പുനരാവിഷ്‌കരിച്ച ചാനലുകൾ ഇന്ത്യയിലുണ്ട്. സ്റ്റുഡിയോയിൽ ബാത്ത് ടബ് സെറ്റ് ചെയ്ത് അതിൽ കിടന്ന് ചർച്ച നയിച്ച വീരന്മാരെ നമ്മൾ കണ്ടു. യുദ്ധം ഉടനെന്ന് ആർത്തു വിളിച്ച് ചില ചാനലുകളിൽ വാർ റൂമുകളാണ് സൃഷ്ടിച്ചത്. റേറ്റിംഗാണല്ലോ സർവ ധനാൽ പ്രധാനം. ബാലകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക വേഷത്തിലാണ് തെലുങ്ക് ചാനലായ ടിവി9ന്റെ അവതാരകനെത്തിയത്. ന്യൂസ് റൂമിനുള്ളിൽ വാർ റൂം എന്ന് എഴുതിയിട്ടുണ്ട്. സൈനിക വേഷം ധരിച്ച അവതാരകൻറെ കൈവശം ഒരു കളിത്തോക്കുമുണ്ടായിരുന്നു. മലയാളത്തിലെ ചില ചാനലുകളും യുദ്ധ സാഹചര്യം സൃഷ്ടിക്കാൻ ഉത്സാഹിച്ചു. റിപ്പബ്ലിക് ചാനിലനൊക്കെ യുദ്ധം വൈകുന്നതിലായിരുന്നു വിഷമം. യുദ്ധത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി ചാപ്പ കുത്തുന്ന അവസ്ഥയുമുണ്ടായി. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടക്കമുളള ദേശീയ മാധ്യമങ്ങൾ യുദ്ധത്തിന് വേണ്ടി നിലവിളിക്കുകയാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനമുണ്ടായി. കോൺഗ്രസ് വക്താവ് സഞ്ജയ് ഝായും ഈ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തി. അർണബ് ഗോസ്വാമിയും രാഹുൽ ശിവ ശങ്കറും അതുപോലുളള കാട്ടിക്കൂട്ട് രാജ്യസ്‌നേഹികളും പത്ത് മിനുറ്റ് ഒരു തോക്കുമേന്തി അതിർത്തിയിൽ പോയി നിൽക്കാമെങ്കിൽ ഞാനെന്റെ ഒരു വർഷത്തെ ശമ്പളം തരാമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
*** *** ***
അടുത്തിടെയാണ് ലോക റേഡിയോ ദിനമാഘോഷിച്ചത്. ഇന്റർനെറ്റിന്റെ ആഗമനത്തെയും അതിജീവിച്ച് മുന്നേറി വരികയായിരുന്നു എഫ്.എം രൂപത്തിലേക്ക് മാറിയ റേഡിയോ നിലയങ്ങൾ. ഗൾഫിലും മലയാളി ജീവിതത്തെ സ്വാധീനിക്കുന്ന റേഡിയോ സ്റ്റേഷനുകളുണ്ട്. ഏഷ്യാനെറ്റ് റേഡിയോ സൗദിയിൽ ചില പ്രദേശങ്ങളിൽ മാത്രമേ കേൾക്കാൻ പറ്റിയിരുന്നു. ഗൾഫ് നഗരങ്ങളിൽ വാഹനമോടിക്കുന്നവർ പതിവായി ശ്രവിക്കുന്ന ഒരു സ്റ്റേഷനാണ് ഇത്. സമകാലിക വിഷയങ്ങളെ കുറിച്ച് നിത്യേന ചർച്ച സംഘിടിപ്പിച്ചും ഈ നിലയം ശ്രദ്ധേയമായി. റേഡിയോ നിലയങ്ങളെ പറ്റി നല്ല കാര്യമല്ല കേൾക്കാനുള്ളത്. 2000ൽ പ്രവർത്തനം ആരംഭിച്ച ഏഷ്യാനെറ്റ് റേഡിയോ 657 എഎം എന്ന സ്‌റ്റേഷൻ പ്രക്ഷേപണം നിർത്തി. 18 വർഷം പഴക്കമുള്ള ഏഷ്യാനെറ്റ് റേഡിയോ ഫെബ്രുവരി ഒന്നുമുതലാണ് പ്രവർത്തനം നിർത്തിയത്.
മലയാളത്തിലെ നമ്പർ വൺ ദൃശ്യമാധ്യമത്തിന്റെ പിൻബലമുണ്ടായിട്ടും ഏഷ്യാനെറ്റ് റേഡിയോയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ഇതോടെ മൂന്നു വർഷത്തിനിടെ യു.എ.ഇയിൽ പ്രവർത്തനം അവസാനിപ്പിക്കുന്ന മലയാളം റേഡിയോ സ്‌റ്റേഷനുകളുടെ എണ്ണം നാലായി.10 ലക്ഷത്തോളം വരുന്ന മലയാളികളാണ് യു.എ.ഇയിലെ ഏറ്റവും വലിയ വിദേശി സമൂഹം. ഇവരെ ലക്ഷ്യമിട്ടായിരുന്നു റേഡിയോ നിലയങ്ങൾ പ്രവർത്തിച്ചിരുന്നത്. പരസ്യവരുമാനം കുറഞ്ഞതാണ് മിക്ക സ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കിയത്. എഎം സ്‌റ്റേഷന് വാർഷിക ഫീസായി നാൽപത് ദിർഹം നൽകേണ്ടിയും വരുന്നു.
*** *** ***
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നിമിഷാ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിൻ സാഹിറും പങ്കിട്ടു. ക്യാപ്റ്റൻ , ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണു ജയസൂര്യയ്ക്ക് അവാർഡ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് സൗബിൻ അവാർഡിന് അർഹനായത്.
പലതവണ കൈയെത്തും ദൂരത്തു നഷ്ടമായ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഒടുവിൽ ജയസൂര്യയെ തേടിയെത്തുകയായിരുന്നു. 2017ൽ നൽകിയ അവാർഡിനേക്കാൾ എത്രയോ ഭേദം. അനുരാഗ കരിക്കിൻ വള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന്
രജിഷ വിജയനായിരുന്നു അവാർഡ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നടിയാണ് രജിഷ. ഒരിടവേളയ്ക്ക് ശേഷം രജിഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജൂൺ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.രണ്ട് സിനിമയിൽ മാത്രം അഭിനയിച്ച താരം ഉദ്ഘാടനച്ചടങ്ങുകൾക്ക് നാടമുറിക്കാനായി ഒന്നരലക്ഷമാണ് പ്രതിഫലമായി വാങ്ങുന്നത്. രജിഷ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.