കണ്ണൂര്‍- റീസ എന്നത് ഒരാളുടെ പേരല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ ധരിക്കുന്ന ഷാള്‍ റീസയാണ്. ഇത് നിര്‍മ്മിച്ച് ഡിസൈന്‍ ചെയ്യുന്ന ഒരാളുണ്ട്. കുത്തക കമ്പനികളുടെ ഡിസൈനറല്ല, ഹരിയാനയിലെ സാധാരണക്കാരിയായ ലളിതാ ചൗധരി. മലയാളികള്‍ക്കു അത്ര പരിചിതയല്ലെങ്കിലും ഉത്തരേന്ത്യന്‍ ഡിസൈനര്‍മാര്‍ക്കിടയില്‍ പ്രശസ്തയാണിവര്‍. കണ്ണൂരില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളയില്‍ ഇവര്‍ തന്റെ ഉല്‍പ്പന്നങ്ങളുമായി എത്തിയിട്ടുണ്ട്.
നരേന്ദ്ര മോഡി മുതല്‍ ബോളിവുഡ് സുന്ദരി കാജോള്‍ വരെയുള്ളവര്‍ ലളിതാ ചൗധരിയുടെ കരങ്ങളിലൂടെ തയാറാക്കിയ റീസ ധരിക്കാറുണ്ട്. ഒരിക്കല്‍ ലളിതാ ചൗധരി അടക്കം പങ്കെടുത്ത ഫാഷന്‍ വസ്ത്ര പ്രദര്‍ശന മേളയിലെത്തിയ മോഡി റീസയുടെ ലാളിത്യവും ഡിസൈന്‍ മികവും കണ്ടാണ് ഇത് സ്വന്തമാക്കിയത്.
രണ്ടായിരത്തിഅഞ്ഞൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ട് ഈ വസ്ത്രത്തിന്. ഖാഖി എന്ന ഇനം വിത്തില്‍നിന്നു നിര്‍മ്മിക്കുന്ന തുണിയില്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളാണ് ലളിതാ ചൗധരിയുടെ സ്‌പെഷ്യാലിറ്റി. ഹരിയാനയില്‍ റോത്തക് സിറ്റിക്കടുത്ത് ഭോര്‍ എന്ന ഗ്രാമമാണ് ലളിതാ ചൗധരിയുടെ ജന്മനാട്.
എണ്‍പതുകള്‍ക്കു ശേഷം ഖാഖി തുണികള്‍ ഇന്ത്യയില്‍ വിരളമായി മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ചൂടുകാലത്ത് തണുപ്പും തണുപ്പു കാലത്ത് ചൂടും നല്‍കുന്ന വസ്ത്രങ്ങളാണ് ഇവര്‍ ഈ തുണി ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുന്നത്.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ചില തുണികളും ഡിസൈനുകളുമാണ് തന്നെ ഈ രംഗത്തേക്ക് എത്തിച്ചതെന്ന് ലളിതാ ചൗധരി പറയുന്നു. ഇത്തരം വസ്ത്രങ്ങളിലും ഡിസൈനിംഗിലും കൗതുകം തോന്നി ഇവയെക്കുറിച്ച് പഠിക്കുകയും ഡിസൈനിംഗില്‍ തന്റെതായ ശൈലി ഉണ്ടാക്കുകയും ചെയ്തു. അക്കാലത്തെ തുണികളുടെ ഗുണ നിലവാരവും വ്യത്യസ്തതയുമായിരുന്നു പ്രധാന ആകര്‍ഷണം.
റോത്തക്ക് ജയിലിലെ അന്തേവാസികളാണ് ലളിതാ ചൗധരിയുടെ വസ്ത്രങ്ങളുടെ ആദ്യ നിര്‍മ്മാതാക്കള്‍. കൊടും കുറ്റവാളികളായിരുന്ന പലര്‍ക്കും മനഃപരിവര്‍ത്തനമുണ്ടാക്കാന്‍ ഈ തൊഴില്‍ സഹായകമായി. തുണിയും ഡിസൈനും നല്‍കി തടവു പുള്ളികളെ കൊണ്ട് മികച്ച വസ്ത്രങ്ങളുണ്ടാക്കി. അവര്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കി. ഇതോടെയാണ് പലരുടെയും സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. പലരും വസ്ത്ര നിര്‍മ്മാണം സ്ഥിരം തൊഴിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
1800 രൂപ മുതല്‍ 35,000 രൂപ വരെ വിലയുള്ള വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ലളിതാ ചൗധരി തയാറാക്കിയിട്ടുണ്ട്. 2017 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വസ്ത്രമേളയില്‍ ഇവര്‍ തന്റെ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബ്രൗണ്‍ കോട്ടണ്‍ എന്ന പേരില്‍ വ്യത്യസ്ത വസ്ത്രവും ഇവര്‍ വികസിപ്പിച്ചെടുത്തു. റീസ എന്ന വസ്ത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇത് പ്രകൃത്യാ തന്നെ അണുവിമുക്തമാണ്. ഇതേക്കുറിച്ച് ഋഗ്വേദത്തിലടക്കം പരാമര്‍ശമുണ്ട്. പണ്ട് കാലത്ത് സ്ത്രീകള്‍ പ്രസവ സമയത്ത് ഈ വസ്ത്രമായിരുന്നു ധരിച്ചിരുന്നതത്രേ.
ഡിസൈനിംഗ് രംഗത്തെ മികവിന് ഹരിയാന സര്‍ക്കാരിന്റെ കാലാക്ഷരി പുരസ്കാരത്തിനര്‍ഹയായ ലളിതാ ചൗധരിയെത്തേടി മറ്റു നിരവധി പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്. പ്രകൃതിദത്ത നിറങ്ങള്‍ മാത്രമുപയോഗിച്ചാണ് വസ്ത്രങ്ങളുടെ നിര്‍മ്മാണം. സൈറ എന്ന ബ്രാന്‍ഡിലൂടെയെത്തുന്ന വസ്ത്രങ്ങള്‍ക്കു 5000 രൂപയിലധികമാണ് വില.