Sorry, you need to enable JavaScript to visit this website.

ഒ.ഐ.സിയിലെ പങ്കാളിത്തം ഇന്ത്യക്ക് തുണയായി, സുഷമയുടേത് ചരിത്ര ദൗത്യം

അബുദാബി- ഇസ്ലാമിക രാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ ഇന്ത്യക്ക് ലഭിച്ച പ്രത്യേക ക്ഷണവും അവിടെ വിദേശ മന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ സ്വീകാര്യതയും അറബ്, മുസ്്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയോടുള്ള സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റേയും നിദര്‍ശനമായി. അതിഥിയായെത്തിയ വിദേശ മന്ത്രി സുഷമ സ്വരാജ് സമ്മേളനത്തിലെ താരമായി മാറുന്ന കാഴ്ചയാണ് അബുദാബിയില്‍ കണ്ടത്.
ഒ.ഐ.സിയുടെ അമ്പതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയെ അതിഥിയായി ക്ഷണിച്ചത്. പക്ഷേ, സുഷമയും ഇന്ത്യയും സമ്മേളനത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. പാക്കിസ്ഥാനുമായി യുദ്ധസമാനമായ അന്തരീക്ഷമായിട്ടും അതൊന്നും കണക്കാക്കാതെയായിരുന്നു സുഷമയെ ഒ.ഐ.സി വരവേറ്റത്. ഇന്ത്യ വന്നതിനാല്‍ പാക്കിസ്ഥാന്‍ വന്നതുമില്ല.
പാകിസ്ഥാന്റെ പേര്  പറയാതെതന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കുകയായിരുന്നു സുഷമ. ഭീകരവാദത്തേയും മതവിശ്വാസത്തേയും വേര്‍തിരിച്ചു കാണാന്‍ അവര്‍ ശ്രമിച്ചതും കൈയടി നേടി.
മതങ്ങളെല്ലാം ഉദ്‌ഘോഷിക്കുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണെന്നും എന്നാല്‍, മതത്തിന്റെ മറവില്‍ പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നുമായിരുന്നു സുഷമയുടെ പ്രസംഗത്തിന്റെ കാതല്‍. സമ്മേളനത്തിന് മുമ്പും ശേഷവുമായി നിരവധി ഇസ്‌ലാമികരാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്താനും അവര്‍ക്കായി.
ഒ.ഐ.സി.യിലെ സാന്നിധ്യം ഇന്ത്യക്ക് സന്നിഗ്ധ ഘട്ടത്തിലെ വലിയ പിന്തുണയായി. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ വൈമാനികനെ തിരിച്ചെത്തിക്കുന്നതില്‍ വരെ ഇത് വലിയ പങ്കു വഹിച്ചു.

 

Latest News