കാസർക്കോട്- കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സർക്കാറിന്റെ ഇടപെടലെന്ന ആരോപണത്തിന് ശക്തിയേറുന്നു. അന്വേഷണം സി.പി.എം ജില്ലാ നേതാക്കളിലേക്ക് നീണ്ടതോടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എസ്.പി. വി.എം മുഹമ്മദ് റഫീഖിനെയാണ് എറണാകുളത്തേക് മാറ്റി. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം സാബു മാത്യുവിനാണ് പകരം ചുമതല. മുഖ്യപ്രതികളെ ചോദ്യം ചെയ്യുന്നതിന് മുമ്പാണ് റഫീഖിനെ മാറ്റിയത്. നാലു ദിവസം മുമ്പാണ് മുഹമ്മദ് റഫീഖിന്റെ നേതൃത്വത്വത്തിൽ അന്വേഷണം ആരംഭിച്ചത്. കാസർക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിതിനെ കഴിഞ്ഞദിവസം കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് മാറ്റിയിരുന്നു. കൂടുതൽ സി.പി.എം പ്രവർത്തകരും നേതാക്കളും കേസന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്നതാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കാരണമെന്നാണ് സൂചന. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉദ്യോഗസ്ഥനെ എന്തുകൊണ്ടാണ് മാറ്റിയതെന്ന് സർക്കാർ വിശദീകരിക്കണമെന്നും അന്വേഷണം വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമമെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം കൂടുതൽ പേർക്കെതിരെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടുപോയിരുന്നു. കാസർക്കോട്ടെ വ്യാപാരപ്രമുഖൻ വത്സരാജ്, കല്യോട്ടെ ശാസ്താ ഗംഗാധരൻ എന്നിവരെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും സർക്കാറിനെ പ്രകോപിപ്പിച്ചു. ഇതാണ് സ്ഥലംമാറ്റാൻ കാരണമെന്ന ആരോപണവുമുണ്ട്.