തലശ്ശേരി- കണ്ണാടിപ്പറമ്പ് മാതോടത്ത് റോഡിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചുകൊണ്ടിരുന്ന സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് തടവും പിഴയും. കണ്ണാടിപ്പറമ്പ് മാതോടം അസ്‌ന മൻസിലിൽ അമ്മൻവളപ്പിൽ അബ്ദുൽ ജബ്ബാറി(28)നെയാണ് പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി മൂന്നുവർഷം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ പരിക്കേറ്റവർക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2011 മെയ് 14ന് രാത്രി 10 മണിയോടെയാണ് സംഭവം. കണ്ണാടിപ്പറമ്പ് മാതോടത്തെ അനലോത്ത് അജിത്ത്(35),പുതിയപുരയിൽ പ്രജിത്ത്(28) എന്നിവരെ തലക്കടിച്ച് പരിക്കേൽപിച്ച കേസിലാണ് ശിക്ഷ. എട്ടുപ്രതികളും കണ്ടാലറിയാവുന്ന നൂറുപേരും ചേർന്ന് മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിക്കുകയും തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് കേസ്. കാട്ടാമ്പള്ളി മുക്രികൊല്ലത്തിക്കൽ ഹൗസിൽ എം.കെ.ബഷീർ(27),കണ്ണാടിപ്പറമ്പ് ചെരിപ്പോത്ത്ഹൗസിൽ ഹാഷിഫ്(28),കണ്ണാടിപ്പറമ്പ് കീർമഠത്തിൽ ഹൗസിൽ കെ എം ഫൈസൽ (28) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. നാലാംപ്രതി കേളോത്ത്ചാലിൽ ഹൗസിൽ കെ സി കുഞ്ഞഹമ്മദ്(30), അഞ്ചാംപ്രതി കണ്ണാടിപ്പറമ്പ് ചിറമുട്ടിൽഹൗസിൽ കെ.സി.സൈനുദ്ദീൻ (33),ആറാംപ്രതി ചിറമുട്ടിൽഹൗസിൽ കെ സി അഷറഫ്(43),എട്ടാംപ്രതി ബിലാൽ മൻസിലിൽ അഫ്‌സൽ(28) എന്നിവർ വിചാരണക്ക് ഹാജരായില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ.രാമചന്ദ്രൻ ഹാജരായി.