ആലപ്പുഴ- ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിദ്യാർഥികൾ തൂങ്ങി മരിച്ചു. ആദ്യ സെമസ്റ്റർ പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ചാരുംമൂട് ഇടക്കുന്നം ആഞ്ഞിലിമൂട്ടിൽ ഇടവഴി തലയ്ക്കൽ വിജയന്റെ മകൾ അനു (19)വാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
പാലമേൽ പയ്യനല്ലൂർ പുന്തല തുണ്ടിൽ രജിദേവിയുടെ മകൾ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി നിഖ ആർ.കൃഷ്ണയാണ് (നിമിഷ-14) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മറ്റൊരു വിദ്യാർഥി.
പന്തളം ഒ.കെ.ഇ.വൈ.എസ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനി ആയിരുന്നു അനു. ആദ്യ സെമസ്റ്റർ പരീക്ഷയുടെ റിസൽട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. പരീക്ഷയിൽ തോറ്റതറിഞ്ഞതോടെ മാനസിക സംഘർഷത്തിലായിരുന്നു. തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞാൽ സഹിക്കാനാവില്ലെന്നും, താൻ മരിക്കാൻ തീരുമാനിച്ചെന്നും സുഹൃത്തിന് മെസേജ് അയച്ചതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് അനു മുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. മെസേജ് കണ്ട് സുഹൃത്ത് ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് മാതാവ് ഓടി വീട്ടിലെത്തിയപ്പോഴേക്കും അനു മരിച്ചിരുന്നു. വീടിന് സമീപം ആഞ്ഞിലിമൂട് ജംഗ്ഷനിൽ കട നടത്തുകയാണ് പിതാവ് വിജയൻ. അമ്മ പ്രസന്നയും കടയിൽ ഉണ്ടായിരുന്നു. വിദ്യാർഥിനിയായ ആരതിയാണ് അനുവിന്റെ സഹോദരി.
നിഖയെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മകളും തമ്മിൽ മൊബൈൽ ഫോൺ സംബന്ധിച്ചുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് അറിയുന്നു. തർക്കത്തെ തുടർന്ന് നിഖയുടെ കൈയിൽ നിന്ന് ഫോൺ അമ്മ വാങ്ങുകയും ചെയ്തിരുന്നു. സംഭവ ദിവസം രാവിലെ 6ന് ജോലിക്കായി അമ്മ വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് നിഖ തൂങ്ങി മരിച്ചത്. ആലപ്പുഴയിലെ ഒരു സ്ഥാപനത്തിൽ ജോലിക്ക് ചെയ്യുകയായിരുന്നു നിഖയുടെ അമ്മ. ജോലിസ്ഥലത്തെത്തിയ രജിദേവി അയൽവാസിയെ വിളിച്ച് മകളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് നിഖയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് നിഖ.