- സമാധാനം കാത്തുസൂക്ഷിക്കുന്നതിൽ ഒ.ഐ.സി ശക്തമായ പങ്ക് വഹിക്കണം -യു.എ.ഇ
അബുദാബി - മതത്തെ വക്രീകരിച്ചാണ് ലോകത്ത് തീവ്രവാദികൾ പ്രവർത്തിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അബുദാബിയിൽ ദ്വിദിന ഒ.ഐ.സി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മണ്ണിലും മനുഷ്യർക്കിടയിലും തീവ്രവാദവും ഭീകരവാദവും വലിയ അപകടങ്ങളുണ്ടാക്കുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങൾക്കു വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഭീകരരും തീവ്രവാദികളും വാദിക്കുന്നു. നാൽപതു വർഷമായി ഇന്ത്യ ഭീകരതയുമായി പോരാട്ടത്തിലാണ്. ഭീകരതയും തീവ്രവാദവും ആഗോള വെല്ലുവിളിയാണ്. ഇതിനെ ചെറുക്കുന്നതിന് ആഗോള തലത്തിൽ സമഗ്രവും സംഘടിതവുമായ ശ്രമങ്ങൾ ആവശ്യമാണ്. ഓരോ രാജ്യങ്ങളും സംഘടനകളും മുഴുവൻ ആഗോള സ്ഥാപനങ്ങളും ഭീകര വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം. ഭീകരതയെ പിന്തുണക്കുന്നതിനും സ്‌പോൺസർ ചെയ്യുന്നതിനും ന്യായീകരണമായി മതത്തെ ഉപയോഗിക്കാനും ആരെയും അനുവദിക്കരുത്. രാഷ്ട്രനയം നടപ്പാക്കുന്നതിനുള്ള ഉപകരണമായി ഭീകരതയെ ഉപയോഗിക്കാൻ ഒരു രാജ്യത്തെയും അനുവദിക്കരുത്. ഭീകരതക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുന്നതിനും ഭീകര താവളങ്ങളും കേന്ദ്രങ്ങളും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ധാർമിക ബാധ്യത എല്ലാ രാജ്യങ്ങളും നിറവേറ്റണം.
വൈവിധ്യം പോലെ തന്നെ ഐക്യത്താലും വർണിക്കപ്പെട്ട, 18.5 കോടി മുസ്‌ലിംകൾ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസകളുമായാണ് താൻ യോഗത്തിനെത്തിയിരിക്കുന്നത്. ഒ.ഐ.സി 50-ാം വാർഷികം ആഘോഷിക്കുന്നതിനാലും യു.എ.ഇ സഹിഷ്ണുതാ വർഷം ആഘോഷിക്കുന്നതിനാലും അഹിംസയുടെ പ്രതീകമായി ഇന്നും തുടരുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ഇന്ത്യ ആഘോഷിക്കുന്നതിനാലും ഈ വർഷം വിശിഷ്ടമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഭീകര വിരുദ്ധ പോരാട്ടം ഏതെങ്കിലും മതത്തിനെതിരായ ഏറ്റുമുട്ടലല്ല. ലോകത്തെ എല്ലാ മതങ്ങളും സമാധാനവും സാഹോദര്യവും സഹാനുഭൂതിയുമാണ് ആഹ്വാനം ചെയ്യുന്നത്. എല്ലാ പ്രാർഥനകളും എല്ലാവർക്കും സമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയിൽ അവസാനിക്കുന്ന, മഹാത്മാ ഗാന്ധിയുടെ നാട്ടിൽനിന്നാണ് താൻ എത്തിയിരിക്കുന്നത് എന്ന് പറഞ്ഞാണ് സുഷമ സ്വരാജ് പ്രസംഗം അവസാനിപ്പിച്ചത്.
ലോക സമാധാനം കാത്തുസൂക്ഷിക്കുന്നതിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) കൂടുതൽ ശക്തമായ പങ്ക് വഹിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. സുരക്ഷ ശക്തമാക്കുന്നതിന് ഒ.ഐ.സി കൂടുതൽ ശക്തമായ പങ്ക് ഏറ്റെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു. ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈം അധ്യക്ഷത വഹിച്ചു.
ഇന്ത്യ, പാക് അതിർത്തിയിൽ സംഘർഷം മൂർഛിച്ച പശ്ചാത്തലത്തിലാണ് മേഖലാ രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ അബുദാബിയിൽ യോഗം ചേരുന്നത്. വിദ്വേഷ ഭാഷണവും തീവ്രവാദവും മതചൂഷണവും ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആരായുന്നതിനും കൂടിയാണ് വിദേശ മന്ത്രി തലത്തിലുള്ള ദ്വിദിന ഒ.ഐ.സി യോഗം. ഒ.ഐ.സി അംഗങ്ങളായ 56 രാജ്യങ്ങൾക്കു പുറമെ നിരീക്ഷണ പദവിയുള്ള അഞ്ചു രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. മുസ്‌ലിം ലോകത്തെ സമാധാനവും സ്ഥിരതയും അംഗ രാജ്യങ്ങൾ തമ്മിലെ ഉദ്ഗ്രഥനവും സഹകരണവും അടക്കമുള്ള വിഷയങ്ങൾ ഉച്ചകോടി വിശകലനം ചെയ്യും.
വിശിഷ്ടാതിഥി രാജ്യമെന്നോണമാണ് ഇന്ത്യയെ ക്ഷണിച്ചത്. ഇന്ത്യൻ വിദേശ മന്ത്രിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ഒ.ഐ.സി യോഗത്തിനില്ല.