Sorry, you need to enable JavaScript to visit this website.

മാവേലിക്കരയിലെ  പിള്ള ഫാക്ടർ

കോട്ടയം - മാവേലിക്കരയിൽ ഇടതുമുന്നണിക്ക് പിളള ഫാക്ടർ ഗുണകരമാവുമോ. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവ് ആർ.ബാലകൃഷ്ണപിളളയെ പാർലെമന്റിലേക്ക് അയച്ച മണ്ഡലമായ മാവേലിക്കരയിൽ ഇത്തവണ ഇടതുസ്ഥാനാർഥിയാരാണെന്ന ചർച്ചകൾക്കിടിയിലാണ് ഇതും കടന്നുവരുന്നത്. ബാലകൃഷ്ണപിളള അന്ന് അദ്ദേഹം തോൽപിച്ച എസ്. രാമചന്ദ്രൻപിളള പോളിറ്റ് ബ്യൂറോ അംഗമായി സിപിഎം നയിക്കുന്ന മുന്നണിയിലാണ്. മാവേലിക്കര മണ്ഡലത്തിൽപ്പെടുന്ന കൊട്ടാരക്കരയിലും പത്തനാപുരത്തും ബാലകൃഷ്ണപിളളയ്ക്ക് സ്വാധീനമുളള മേഖലകളാണ്. കൂടാതെ മകൻ ഗണേഷ് കുമാറാണ് പത്തനാപുരത്തെ നിയമസഭാ പ്രതിനിധി. ഇതൊക്കെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വോട്ടാക്കാനാവുമോ എന്നതാണ് അറിയാനുളളത്. ബാലകൃഷ്ണപിളളയുടെ മുന്നണി പ്രവേശത്തിനുശേഷമുളള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഇക്കാര്യം ഇടതുമുന്നണി പ്രത്യേകമായി തന്നെ വിലയിരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
മധ്യകേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ സമീപകാല ചരിത്രത്തിൽ ഒരിക്കൽ മാത്രം ഇടതുമുന്നണിക്ക് അവസരം നൽകിയിട്ടുളള മണ്ഡലമാണ് മാവേലിക്കര. 1960 ൽ മണ്ഡല രൂപീകരണശേഷം ആകെ ഒരു തവണമാത്രമാണ് ഇവിടെ ഇടതുമുന്നണി വിജയിച്ചത്. 2004 ൽ മാവേലിക്കര ചെന്നിത്തലക്കാരനായ രമേശ് ചെന്നിത്തലയെ സിപിഎമ്മിലെ സി.എസ് സുജാത പരാജയപ്പെടുത്തി. ഇത് മാത്രമാണ് ഇടതുമുന്നണിയുടെ അക്കൗണ്ടിലെ ആശ്വാസ വിജയം. സി.എസ് സുജാത വിജയിച്ച 2004 ൽ മുൻ കേന്ദ്രമന്ത്രിയും ഐഐഎസുകാരനുമായ കൃഷ്ണകുമാർ ബിജെപി ടിക്കറ്റിൽ ഇവിടെ നിന്നും മത്സരിച്ചു. കൃഷ്ണകുമാറിന് 83013 വോട്ടുകളാണ് ലഭിച്ചത്. രമേശ് ചെന്നിത്തലയുടെ പരാജയത്തിന് കൃഷ്ണകുമാറിന്റെ സാന്നിധ്യം കാരണമായതായി അന്ന് വിലയിരുത്തിയിരുന്നു.
മാവേലിക്കരയെ ഏറ്റവും അധികം ലോക്‌സഭയിൽ പ്രതിനിധീകരിച്ചത് രാജ്യസഭാ മുൻ ഉപാധ്യക്ഷനായ പി.ജെ കുര്യനാണ്. അഞ്ചുതവണ പി.ജെ കുര്യൻ മാവേലിക്കരയിൽനിന്നും ജയിച്ചു. 1980, 89, 91.96, 98 വർഷങ്ങളിലാണ് കുര്യൻ വിജയിച്ചത്.
1960 ൽ  മണ്ഡലം രൂപീകരിക്കുമ്പോൾ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ചേർത്തത്. ആലപ്പുഴ, കൊല്ലം ജില്ലളിലായുളള മണ്ഡലങ്ങളായ മാവേലിക്കര, തിരുവല്ല, കല്ലൂപ്പാറ, കായംങ്കുളം,ആറന്മുള, പന്തളം ചെങ്ങന്നൂർ എന്നിവ. 2008 ൽമണ്ഡല പുനർനിർണയത്തോടെ ഘടന മാറി. കുട്ടനാട്, കൊട്ടാരക്കര, പത്തനാപുരം, ചങ്ങനാശേരി, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങൾ മാവേലിക്കരയോട് ചേർത്തു. കായംങ്കുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങൾ നിലനിർത്തി. ഇതിനൊപ്പം രണ്ടു നിയമസഭാ മണ്ഡലങ്ങൾ സംവരണ മണ്ഡലമായതിനാൽ മാവേലിക്കരയും കുന്നത്തൂരും. ലോക്‌സഭാ മണ്ഡലവും സംവരണ മണ്ഡലമായി. 2009 ലെ തെരഞ്ഞെടുപ്പു മുതൽ മാവേലിക്കര ലോക്‌സഭാ മണ്ഡലം സംവരണ മണ്ഡലമായി മാറി.
1962 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആർ. അച്യുതൻ വിജയിച്ചു. 1967 ൽ ജി.പി മംഗലത്തുമഠവും വിജയിച്ചു .1971 ൽ ആർ. ബാലകൃഷ്ണപിളള. 1977 ൽ കോൺഗ്രസിലെ തന്നെ ബി.കെ നായരായിരുന്നു വിജയി. 1980 ൽ പ്രൊഫ.പി.ജെ കുര്യന്റെ കന്നി വിജയം. 1984 ൽ ജനതാ പാർട്ടിയിലെ തമ്പാൻ തോമസ് അട്ടിമറി വിജയം നേടി. തുടർന്ന് നാലു തെരഞ്ഞെടുപ്പുകളിലും പി.ജെ കുര്യന്റെ തെരോട്ടം. 1999ൽ കോട്ടയത്ത് നിന്നും മാവേലിക്കരയിലേക്ക് പറിച്ചു നട്ട രമേശ് ചെന്നിത്തല നാട്ടിലെ കന്നി അങ്കത്തിൽ വിജയിച്ചു. 2004 ൽ സിപിഎമ്മിലെ സി.എസ് സുജാത. മണ്ഡലം സംവരണത്തിലേക്ക് മാറിയതോടെ 2009 മുതൽ കൊടിക്കുന്നിൽ സുരേഷിന്റെ വിജയഗാഥയാണ്. സംവരണമണ്ഡലമായെങ്കിലും കോൺഗ്രസ് ചേരിയോടുളള കൂറ് മാവേലിക്കര മാറ്റിയില്ല. 2014ലും കൊടിക്കുന്നിലാണ് വിജയി.
ഇക്കുറി ആദ്യം തന്നെ സ്ഥാനാർഥി പട്ടികയിൽ പേര് ഏറെക്കുറെ ഉറപ്പിച്ച നേതാവ് കെപിസിസി വർക്കിംഗ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നിൽ. കൊടിക്കുന്നിൽ അല്ലെങ്കിൽ പന്തളം സുധാകരനായിരിക്കും നറുക്ക്. മാവേലിക്കരയിൽ ഇക്കുറി സിപിഐ കരുതിയിരിക്കുന്നത് അടൂർ എംഎൽഎയായ ചിറ്റയം ഗോപകുമാറിനെയാണെന്നാണ് സൂചന. അല്ലെങ്കിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ. എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് സി.എ അനിൽകുമാറിന്റെ പേരും പരിഗണനയിലുണ്ട്. ബിജെപി പട്ടികജാതി മോർച്ച പ്രസിഡന്റ് പി. സുധീറിനെയാണ് പരിഗണിക്കുന്നത്.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ആറു നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് പ്രതിനിധീകരിക്കുന്നതെന്നത് മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ചങ്ങനാശേരി മാത്രമാണ് യുഡിഎഫിലെ കേരള കോൺഗ്രസ് എം പ്രതിനിധീകരിക്കുന്നത്. അതും പിളള ഫാക്ടറും ഇക്കുറി ഇടതുമുന്നണിക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

 

Latest News