ജിദ്ദ - ഗതാഗത കമ്പനികൾക്കുള്ള ലൈസൻസ് വ്യവസ്ഥ ലഘൂകരിച്ചതായി പൊതുഗതാഗത അതോറിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് ഫവാസ് അൽസഹ്‌ലി വെളിപ്പെടുത്തി. ഗതാഗത കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിന് മിനിമം എണ്ണം വാഹനങ്ങളുണ്ടായിരിക്കണമെന്ന വ്യവസ്ഥ പൊതുഗതാഗത അതോറിറ്റി പുറത്തിറക്കിയ പുതിയ നിയമാവലി റദ്ദാക്കിയിട്ടുണ്ട്. മിനിമം എണ്ണം വാഹനങ്ങൾ സ്വന്തമായുണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് ഗതാഗത മേഖയിലെ നിക്ഷേപകർ നേരത്തെ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിബന്ധം. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾ നേരിടുന്ന പ്രതിബന്ധങ്ങൾക്ക് പരിഹാരം കാണുന്നതിന് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പന്ത്രണ്ടു പ്രവർത്തന മേഖലകളെ കുറിച്ച് പൊതുഗതാഗത അതോറിറ്റി പഠിച്ചുവരികയാണെന്നും ഫവാസ് അൽസഹ്‌ലി പറഞ്ഞു.