ജിദ്ദ - കൊലക്കേസ് പ്രതികളായ മൂന്നു സൗദി പൗരന്മാർക്ക് മാപ്പ് ലഭിച്ചു. നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരനും അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരനും നടത്തിയ മധ്യസ്ഥശ്രമങ്ങളുടെ ഫലമായാണ് പ്രതികൾക്ക് മാപ്പ് ലഭിച്ചത്. നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ നടത്തിയ മധ്യസ്ഥശ്രമങ്ങളെ തുടർന്ന് മുഹമ്മദ് ഹുലൈൽ അൽഫദ്ആനിക്ക് മാപ്പ് ലഭിച്ചു. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് ഫരൈജ് ബിൻ ഉബൈദ് അൽഫദ്ആനി അൽഅനസിയാണ് പ്രതി മുഹമ്മദ് അൽഫദ്ആനിക്ക് നിരുപാധികം മാപ്പ് നൽകിയത്. ഗോത്ര നേതാക്കളെയും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളെയും നേരിട്ട് സമീപിച്ച് നാഷണൽ ഗാർഡ് മന്ത്രി നടത്തിയ ചർച്ചകൾ ഫലം കാണുകയായിരുന്നു.
അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ബീശയിലെ തറജിലെത്തി നടത്തിയ ചർച്ചകളിലാണ് രണ്ടു കൊലക്കേസ് പ്രതികൾക്ക് മാപ്പ് ലഭിച്ചത്. പ്രദേശത്തെ ഗോത്ര നേതാവ് ഉമൈർ ബിൻ ആതിഖ് അൽഹാരിസിയുടെ വീട്ടിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രതികൾക്ക് മാപ്പ് നൽകുന്നതിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സന്നദ്ധരാവുകയായിരുന്നു.