Sorry, you need to enable JavaScript to visit this website.

ജംറയിൽ  അഞ്ചാം നില  നിർമിക്കാൻ പദ്ധതി

മക്ക - മിനായിലെ ജംറ കോംപ്ലക്‌സിൽ അഞ്ചാം നില നിർമിക്കാൻ മക്ക പ്രവിശ്യ വികസന അതോറിറ്റിക്ക് പദ്ധതി. റിയാദിൽ കഴിഞ്ഞ ദിവസം നടന്ന ഫ്യൂച്ചർ പ്രൊജക്ട്‌സ് ഫോറത്തിൽ ജംറ കോംപ്ലക്‌സിൽ അഞ്ചാം നില നിർമിക്കുന്നതിനുള്ള പദ്ധതി കരാറുകാർക്കു മുന്നിൽ മക്ക വികസന അതോറിറ്റി അവതരിപ്പിച്ചു. രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വൻകിട പദ്ധതികളെ കുറിച്ച് കരാറുകാരെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഫ്യൂച്ചർ പ്രൊജക്ട്‌സ് ഫോറം സംഘടിപ്പിച്ചത്. 
വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് അനുസൃതമായി ജംറയിലെ തിരക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ജംറ കോംപ്ലക്‌സിൽ പുതുതായി ഒരു നില കൂടി നിർമിക്കുന്നത്. അഞ്ചാം നിലയെ മിനായിൽ മലമുകളിലെ തീർഥാടകരുടെ താമസസ്ഥലങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ബസ് ഷട്ടിൽ സർവീസ് പദ്ധതിയുടെ ഭാഗമായി മുസ്ദലിഫയിൽ വികസന പദ്ധതി നടപ്പാക്കുന്നതിനും തീരുമാനമുണ്ട്. മുസ്ദലിഫയിൽ തീർഥാടകർ ഇറങ്ങുന്ന സ്ഥലങ്ങൾ വികസിപ്പിക്കുകയും കൂടുതൽ ടോയ്‌ലെറ്റ് സമുച്ചയങ്ങൾ നിർമിക്കുകയും തെരുവു വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. 2019 മുതൽ 2022 വരെയുള്ള കാലത്ത് പുണ്യസ്ഥലങ്ങളിൽ ആകെ 24 വികസന പദ്ധതികൾ നടപ്പാക്കുന്നതിനാണ് മക്ക വികസന അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ പദ്ധതികൾക്ക് ആകെ 300 കോടിയിലേറെ റിയാൽ ചെലവ് കണക്കാക്കുന്നു. 

 

Latest News