റിയാദ്- ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (ജി.എന്‍.എം) കോഴ്‌സ് നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബി.എസ്.സി ആക്കി മാറ്റി നല്‍കുമെന്ന് വ്യാപക പ്രചാരണം. വിവിധ സര്‍വീസ് ഏജന്‍സികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യു.എന്‍.എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ, സൗദി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് സിഞ്ചു റാന്നി എന്നിവര്‍ അറിയിച്ചു. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ ഏകജാലക സംവിധാനം നടപ്പാക്കാനാണ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. 2020 -21 ഓടെ മുഴുവന്‍ നഴ്‌സിംഗ് സ്കൂളുകളെയും നഴ്‌സിംഗ് കോളേജുകളാക്കി മാറ്റി ബി.എസ്.സി നഴ്‌സിംഗ് നല്‍കാനാണ് ആലോചന. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.
നിലവില്‍ വിദേശരാജ്യങ്ങളിലടക്കം ജി.എന്‍.എം കോഴ്‌സ് പാസായവര്‍ക്ക് ജോലി ചെയ്യുന്നതിന് സാങ്കേതിക പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഈ പ്രശ്‌നം മറികടക്കാനാണ് നഴ്‌സിംഗ് കൗണ്‍സില്‍ സ്കൂളുകള്‍ക്ക് പകരം നഴ്‌സിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത്.