മറ്റു തടസ്സങ്ങളൊന്നമുണ്ടായില്ലെങ്കിൽ രണ്ട് മാസത്തിനകം ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് ചെലവുകൾ വർഷങ്ങൾ പിന്നിടുന്തോറും ഏറിവരികയാണ്.
ഈ ചെലവുകൾ നേരിടാൻ പലപ്പോഴും സഹായകമാവാറുള്ളത് കോർപറേറ്റുകളുടെ അകമഴിഞ്ഞ സഹായമാണ്. ശതകോടീശ്വരന്മാർ പാർട്ടിയുടെ ജനപ്രതിനിധികളായുണ്ടെന്ന് പറയുന്നത് അഭിമാന ബോധത്തോടെയാണ്. പാവങ്ങളുടെ പടത്തലവൻ എന്ന് വിളിപ്പേരുള്ള മുഖ്യമന്ത്രി കേരളം ഭരിച്ചപ്പോൾ ഇടതുപക്ഷത്ത് അര ഡസനോളം ശതകോടീശ്വരന്മാരുണ്ടായിരുന്നു. പ്രതിപക്ഷത്തായിരുന്നു ഇവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നത്. വൻകിട കോർപറേറ്റ് സ്ഥാപന ഉടമകൾക്ക് എല്ലാവരും ചങ്ങാതിമാരാണ്. ആരെയും സഹായിക്കാൻ സന്നദ്ധരാണ് ഇക്കൂട്ടർ.
2014ലെ തെരഞ്ഞെടുപ്പ് ഫലം വന്ന കാലത്തെ അവസ്ഥയിലല്ല ഇപ്പോൾ കോൺഗ്രസ്. ഇന്ത്യയുടെ ഹൃദയ ഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലെ ഭരണം അവർക്കാണ്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിജയം കോൺഗ്രസിന്റെ സാമ്പത്തിക നിലയ്ക്ക് താങ്ങാവുമെന്നുറപ്പിക്കാം. പ്രിയങ്ക ഗാന്ധിയുടെ രംഗ പ്രവേശത്തിന് ശേഷം യു.പിയിൽ സൃഷ്ടിച്ച തരംഗവും വെറുതെയാവില്ല.
കോർപറേറ്റുകളിൽ നിന്നും ഏറ്റവും അധികം തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കുക ബി.ജെ.പിക്കായിരിക്കുമെന്ന ധാരണ മാറ്റിമറിക്കാൻ കർണാടക മുതലിങ്ങോട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ വിജയം കാരണമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയവും പ്രിയങ്ക ഗാന്ധിയുടെ വരവും കോൺഗ്രസിനെ കുറിച്ച് ഇന്ത്യക്കാരിൽ പുത്തൻ പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, തീവ്ര വലതുപക്ഷ പാർട്ടിയായ ബി.ജെ.പി വ്യവസായ പ്രമുഖരുടെ പ്രിയപ്പെട്ട കക്ഷിയാണിപ്പോഴും. മോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയാണ് കോർപറേറ്റ് പ്രമുഖർക്ക്.
അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കാനുള്ള സാധ്യതയും വ്യവസായ ലോകം തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസിനും ഫണ്ട് ശേഖരണം പ്രയാസമാവില്ല.
വ്യവസായികളുടെയും കോർപറേറ്റ് സ്ഥാപനങ്ങളുടെയും ധനസഹായം ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ പിന്നെ ലഭിക്കുക എസ്.പി, ബി.എസ്.പി, ആർ.ജെ.ഡി, വൈ.എസ്.ആർ.കോൺഗ്രസ്, ഡി.എം.കെ, ടി.ആർ.എസ് എന്നീ പാർട്ടികൾക്കാണ്. കൂട്ടുകക്ഷി ഭരണം അനിവാര്യമായാൽ ഈ പാർട്ടികളുടെ നിലപാട് നിർണായകമാകും എന്നതിനാലാണ് ഈ പരിഗണന. ഏതൊക്കെ പാർട്ടികൾ നിർണായകമാകും എന്നതിനെക്കുറിച്ച് ചില കോർപറേറ്റ് കമ്പനികൾ സ്വന്തം നിലയ്ക്ക് സർവേ നടത്തുന്നുണ്ട്. അതായത് വെറുതെ ആർക്കെങ്കിലും പണം വാരിക്കോരി നൽകുകയല്ല ഇവർ ചെയ്യുന്നത്. ശേഖരിച്ച കൃത്യമായ ഡാറ്റ കൂടി പരിഗണിച്ചാണ് ഓരോ കക്ഷിക്കും പണം അനുവദിക്കുക.
തെലങ്കാനയിൽ ടി.ആർ.എസ് തന്നെ നേട്ടം കൊയ്യുമെങ്കിലും ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് വ്യവസായ ലോകം കരുതുന്നത്. തമിഴ്‌നാട്ടിൽ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാത്ത സാഹചര്യത്തിൽ ഡി.എം.കെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ബിഹാറിൽ ആർ.ജെ.ഡിക്ക് സാധ്യത കൽപിക്കുമ്പോഴും യു.പിയുടെ കാര്യത്തിൽ കോർപറേറ്റുകൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. പ്രിയങ്കയുടെ സാന്നിധ്യം എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന കാര്യത്തിലാണ് ആശങ്ക. അതേസമയം, എസ്.പിയെയും ബി.എസ്.പിയെയും പിണക്കാനും വ്യവസായ ലോകം തയാറല്ല. ഏത് സർക്കാർ വന്നാലും പ്രാദേശിക പാർട്ടികൾക്ക് നിർണായക സ്വാധീനം ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് ഈ മുൻ കരുതൽ. ചരിത്രത്തിലെ ഏറ്റവും വലിയ പണാധിപത്യ തെരഞ്ഞെടുപ്പായി ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കോർപറേറ്റുകളുടെ പിന്നാലെ പോകാതെ ജനകീയ പിരിവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളുടെ തീരുമാനം. വീടുകളിൽ കയറിയിറങ്ങി സാധാരണ ജനങ്ങളെ സമീപിച്ചും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനാണ് കീഴ്ഘടകങ്ങൾക്ക് സി.പി.എം നൽകിയ നിർദേശം.
ഇന്ത്യ ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് യുദ്ധമാണ് നടക്കാനിരിക്കുന്നത് എന്നതിനാൽ സർവ ശക്തിയുമെടുത്താണ് രാഷ്ട്രീയ പാർട്ടികൾ അണിയറയിൽ തയാറെടുപ്പുകൾ നടത്തി വരുന്നത്.
സോഷ്യൽ മീഡിയ നിർണായക സ്വാധീനം ചെലുത്തുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ ഈ രംഗത്ത് വലിയ ശ്രദ്ധയാണ് എല്ലാ പാർട്ടികൾക്കും.
പ്രചാരണത്തിനായി പെട്ടെന്ന് പറന്നെത്താൻ ഹെലികോപ്ടർ ഏർപ്പാടാക്കുന്ന കാര്യത്തിൽ ബി.ജെ.പി ഇതിനകം തന്നെ കോൺഗ്രസിന് മുന്നിൽ എത്തിക്കഴിഞ്ഞു. ഹെലികോപ്റ്റർ തങ്ങൾക്ക് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ തന്നെ സമ്മതിക്കുന്നു. 4000 കോടി രൂപ ബി.ജെ.പി ഇതിനോടകം പ്രചാരണത്തിനും പരസ്യത്തിനുമായി ചെലവിട്ടതായാണ് കോൺഗ്രസ് പ്രചാരണ വിഭാഗം തലവൻ കൂടിയായ ആനന്ദ് ശർമ്മയുടെ ആരോപണം.
പൊതുതെരഞ്ഞെടുപ്പിന് സജീവ മുന്നൊരുക്കങ്ങളിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. സോഷ്യൽ മീഡിയ നിർണായക പങ്കു വഹിച്ച 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇന്റർനെറ്റ് ലഭ്യതയിലുമുണ്ടായ സ്‌ഫോടനാത്മക വളർച്ച 2019 ലെ തെരഞ്ഞെടുപ്പിനെ ഒരു വാട്‌സാപ്പ് തെരഞ്ഞെടുപ്പാക്കി മാറ്റുമെന്നാണ് നിരീക്ഷണം. ഇന്ത്യയിലെ പ്രഥമ 'വാട്‌സാപ്പ് തെരഞ്ഞെടുപ്പ്' ആയിരിക്കും ഇത്തവണത്തേതെന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം മേധാവി ആണ്. ബിജെപിയുടെ അണിയറ നീക്കങ്ങളെ കുറിച്ച് സൂചന നൽകിയ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇത്. വാട്‌സാപ്പിനെ ഉപയോഗിച്ച് വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ച് വോട്ടുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്ക് മുമ്പിൽ വാട്‌സാപ്പിന്റെ വ്യാജവാർത്താ നിയന്ത്രണ സംവിധാനങ്ങൾ പോലും ഫലവത്തല്ലെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധർ പറയുന്നത്.
രാഷ്ട്രീയ സന്ദേശങ്ങളും ട്രോളുകളും മീമുകളും പ്രചരിപ്പിക്കാനായി കോടികൾ മുടക്കിയാണ് രാഷ്ട്രീയ പാർട്ടികൾ വാട്‌സാപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രംഗത്ത് സർവ സജ്ജരായ കർമസേനയും വൻ സാമ്പത്തിക പിൻബലവുമുള്ള ബിജെപി തന്നെ വ്യാജവാർത്താ പ്രചാരണത്തിന്റെ കാര്യത്തിലും മുന്നിലുള്ളതും. ഇന്ത്യയിലോട്ടാകെയുള്ള 9,27,533 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിക്കുള്ളത്.
ഓരോ ഗ്രൂപ്പിലും പരമാവധി 256 അംഗങ്ങളാണ് ഉള്ളത്. ഇവർ മുഖേന ഏഴു കോടി ജനങ്ങളിലേക്ക് നേരിട്ടെത്തുക എന്നതാണ് തന്ത്രം. 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് ഇതു വളരെ ചെറുതാണെന്നു തോന്നിയേക്കാമെങ്കിലും ഇതുണ്ടാക്കിയേക്കാവുന്ന സ്വാധീനം വളരെ നിർണായകമാണ്. ബിജെപി കാര്യക്ഷമമായി സോഷ്യൽ മീഡയയെ ഉപയോഗപ്പെടുത്തിയ 2014 നെ അപേക്ഷിച്ച് സോഷ്യൽ മീഡിയയുടേയും സ്മാർട്ട് ഫോണുകളുടേയും വ്യാപനത്തിൽ ഇരട്ടിയോളം വർധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജൂനിയർ ഇന്ദിരാഗാന്ധി പ്രിയങ്കാ ഗാന്ധി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ശക്തമായ കടന്നാക്രമണം നടത്താനാണ് ബി.ജെ.പിയുടെ പദ്ധതി.
പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് എതിരെയുള്ള അഴിമതി കേസുകളും ഗാന്ധി കുടുംബ വാഴ്ചയും ഉന്നയിച്ച് ശക്തമായ പ്രചാരണം അഴിച്ചുവിടാനാണ് തീരുമാനം. പ്രിയങ്കയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ച തീരുമാനം വന്ന ഉടൻ കുടുംബ വാഴ്ചയെ വിമർശിച്ച് പ്രധാനമന്തി നരേന്ദ്ര മോഡി തന്നെ രംഗത്തു വന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ രണ്ട് യു.പി.എ ഭരണ കാലത്തും സോണിയാ ഗാന്ധിയുടെ മരുമകൻ നടത്തിയ ഇടപാടുകൾ ചൂണ്ടിക്കാട്ടി പ്രിയങ്കയെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. പ്രിയങ്കയിലൂടെ രാജ്യം ഭരിക്കാനുള്ള റോബർട്ട് വാദ്രയുടെ നീക്കം എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. ഇന്ദിരാഗാന്ധിയുടെ മുഖഛായ ഓർമിപ്പിക്കുന്ന പ്രിയങ്ക സജീവമായി രംഗത്തിറങ്ങുന്നതോടെ കിഴക്കൻ യു.പിയിൽ കോൺഗ്രസ് കാര്യമായ ചലനമുണ്ടാക്കിയേക്കാം. ഇത് ബി.ജെ.പിയ്ക്കാണോ അതോ മതേതര പാർട്ടികളായ എസ്.പി-ബി.എസ്.പി സഖ്യത്തെയാണോ ദോഷകരമായി ബാധിക്കുക എന്ന് പറയാറായിട്ടില്ല. റോബർട്ട് വാദ്രയുടെ രാഷ്ട്രീയ മോഹങ്ങൾ ബി.ജെ.പിയുടെ ജോലി എളുപ്പമാക്കാനും സാധ്യതയുണ്ട്.