കൊല്ലം- കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ കയറി അടിച്ചുകൊന്നു. ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിൽ. അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി ഇന്നലെയാണ് മരിച്ചത്. കേസിൽ പ്രതിയായ കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 16നാണ് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മർദ്ദിച്ചത്. പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നില്ല. ഇന്നലെ മരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇയാൾക്ക് ഒപ്പമുണ്ടായവർക്കായുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പെൺകുട്ടിയെ അറിയില്ലെന്ന് മർദ്ദിച്ചവരോട് പലതവണ പറഞ്ഞെങ്കിലും ഇവർ വീണ്ടും മർദ്ദനം തുടരുകയായിരുന്നു എന്ന് രഞ്ജിത്ത് ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു. പോലീസിന്റെ പ്രാഥമികാന്വേണത്തിലും രഞ്ജിത്ത് പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. അക്രമത്തിൽ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും പരുക്കേറ്റിരുന്നു. കൊല്ലം താലൂക്ക് ആശുപത്രിയിൽ ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.