ജിദ്ദ- ജോലി ചെയ്ത സ്ഥാപനം വാക്കു പാലിക്കാത്തതിനെ തുടർന്ന് ശോഭ ഷാജുവിന് തന്റെ മകളുടെ മിന്നുകെട്ടിന് നാട്ടിലെത്താനായില്ല. നിരാശയായ ശോഭ ഒടുവിൽ സാമൂഹിക പ്രവർത്തകരുടെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.
കോട്ടയം സ്വദേശിയായ ശോഭ എന്ന ശോഭ ഷാജു, നാല് മാസം മുമ്പു തന്നെ ജോലി ചെയ്യുന്ന ജിദ്ദയിലെ കമ്പനിയിൽ അവധിക്ക് അപേക്ഷ നൽകിയത് മൂത്ത മകളുടെ വിവാഹത്തിനു മുമ്പ് നാട്ടിലെത്താനാണ്. പക്ഷേ കമ്പനി അധികൃതർ കനിഞ്ഞില്ല. പിന്നീട് ഇഖാമ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കി നൽകുകയോ, എക്‌സിറ്റ് അടിച്ച് നാട്ടിൽ കയറ്റിവിടുകയോ ചെയ്തതുമില്ല. ഇതിനിടയിൽ കാത്തുകാത്തിരുന്ന മോളുടെ മിന്നുകെട്ട് കാണാൻ കഴിയാതെ വന്നതോടെ ശോഭ മാനസികമായി തളർന്നു.
തുടർന്ന് വീട്ടുകാർ നാട്ടിലെ പ്രവാസി ഫോറം പ്രവർത്തകരെ വിവരമറിയിച്ചു. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, വെൽഫർ ഇൻചാർജ് ഫൈസൽ മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി പല തവണ സംസാരിച്ചു. കമ്പനി അധികൃതർ എക്‌സിറ്റ് അടിക്കാമെന്ന് പറഞ്ഞെങ്കിലും പല തവണ തീയതി മാറ്റി പറഞ്ഞ് കളിപ്പിച്ചു.
തുടർന്ന് അഷ്‌റഫ് മൊറയൂർ ഇന്ത്യൻ കോൺസുലേറ്റിലെ കമ്യൂണിറ്റി വെൽഫയർ കോൺസുൽ മോയിൻ അക്തറിനെ വിവരമറിയിക്കുകയും കോൺസിലേറ്റ് ഉദ്യോഗസ്ഥർ കമ്പനി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി എക്‌സിറ്റ് അടിച്ചു നൽകിയത്.
മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത നിരാശയിലായിരുന്ന ശോഭ എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് അവർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.