ദമാം- പ്രവാസികൾക്കിടയിൽ ചിരിയും ചിന്തയുമുണർത്തി ജൈത്രയാത്ര നടത്തുകയാണ് നിയാസ് കരുനാഗപ്പള്ളി എന്ന നിയാസ് ഇ-കുട്ടി. കേരളത്തിലെ എഫ്.എം റേഡിയോ സ്റ്റേഷനിൽ നിന്നും ഗൾഫ് റേഡിയോയിൽ എത്തുന്ന ആദ്യ റേഡിയോ ജോക്കി. പത്ത് വർഷമായി ജി.സി.സി രജ്യങ്ങളിലെ ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടിയ ജനകീയ അവതാരകൻ. ദമാമിലെ ലുലു മാളിൽ ഇന്ന് നടക്കുന്ന ഉൽസവത്തിൽ പങ്കെടുക്കാനെത്തിയതാണ് നിയാസ്.
കുട്ടിക്കാലത്ത് ആകാശവാണി കേട്ട് തുടങ്ങിയപ്പോൾ മനസ്സിൽ അങ്കുരിച്ച ആഗ്രഹമായിരുന്നു ഒരിക്കലെങ്കിലും ആ റേഡിയോയിലൂടെ തന്റെ ശബ്ദം മാലോകരെ കേൾപ്പിക്കണമെന്ന്. ആകാശവാണിയിൽ അനൗൺസറാകാൻ അവസരം ലഭിക്കുക അത്ര എളുപ്പമല്ലാതിരുന്ന അക്കാലത്ത് തന്റെ മോഹം ഉപേക്ഷിക്കുകയായിരുന്നു നിയാസ്. പിന്നീട് സ്റ്റേജ് അനൗൺസറായി മാറിയതും പിൽക്കാലത്ത് റേഡിയോയിൽ അവതാരകനാകാനുള്ള അവസരം തന്നെ തേടിയെത്തിയതും കുട്ടിക്കാലത്തെ സ്വപ്‌നത്തിന്റെ പ്രതിഫലനം തന്നെയെന്ന് നിയാസ് വിശ്വസിക്കുന്നു.
സ്‌കൂൾ പഠന കാലത്ത് ഒരു വേദിയിൽ പോലും കലാ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെങ്കിലും മനസ്സ് നിറയെ മിമിക്രി ചെയ്യണമെന്നുള്ള അടങ്ങാത്ത മോഹമായിരുന്നു. അത് സഫലമായത് ആദ്യ വർഷ പ്രീഡിഗ്രി പഠന കാലത്ത് കോളേജിൽ സംഘടിപ്പിച്ച മിമിക്രി പരിപാടിയിൽ ഹിസ് ഹൈനസ് അബ്ദുള്ളയിൽ മോഹൻലാലിന്റെ ഡയലോഗ് അനുകരിച്ചപ്പോഴാണ്. അമീർഖാൻ സാഹിബിന്റെ മകന് ഒരു ദാദ ആകേണ്ടിവന്ന കഥ പറയുന്ന സംഭാഷണം അനുകരിച്ചപ്പോൾ കൂട്ടുകാരുടെ കയ്യടി. ആ പ്രോത്സാഹനമാണ് മുന്നോട്ടുള്ള കുതിപ്പിന് ധൈര്യം നൽകിയതെന്ന് നിയാസ് മലയാളം ന്യൂസിനോട് പറഞ്ഞു.
കഥയും കവിതയും ഇമ്മിണി വലിയ വൈക്കം മുഹമ്മദ് ബഷീർ അനുഭവങ്ങളൊക്കെ പറഞ്ഞ് അനൗൺസ്‌മെന്റിൽ പുതുമ കൊണ്ടുവരാനുള്ള തന്റെ ശ്രമം വിജയകരമായിരുന്നു. ഇത് പറയാൻ കഴിയുന്നത് തന്റെ ആ ശൈലി പിന്നീട് പലരും പിന്തുടർന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ രംഗത്ത് അവതാരകർ വിപ്ലവമായി മാറിയതായും ഇങ്ങനെയായിരുന്നു. നിരവധി പരസ്യങ്ങൾക്കു ഡബ്ബ് ചെയ്തതും ഇന്നത്തെ ഡബ്ബിംഗ് എന്ന പ്രോഗ്രാം 12 വർഷങ്ങക്കു മുമ്പ് വേദികളിൽ ആദ്യമായി ചെയ്തതും താനായിരുന്നുവെന്നും ഇതിനകം പ്രശസ്തമായ നിരവധി അവാർഡുകൾ ലഭിച്ചതായും നിയാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ദുബായ് റേഡിയോ സ്റ്റേഷനിലേക്ക് അപ്രതീക്ഷിതമായാണ് പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂരിന്റെ വിളി വരുന്നത്. അന്നു തൊട്ട് പത്ത് വർഷമായി ഏഷ്യാനെറ്റ് റേഡിയോയിൽ പ്രോഗ്രാം എക്‌സിക്യുട്ടീവ് എന്ന പദവിയിൽ അവതാരകനായി ജോലി ചെയ്തു വരുന്നു. ഈ കാലത്തിനിടയിൽ നൂറുകണക്കിന് പ്രശസ്തരുമായി അഭിമുഖങ്ങൾ നടത്തുകയും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ അവതാരകനാവുകയും ചെയ്തു. വിവിധ സ്റ്റേജ് പ്രോഗ്രാമുകളിൽ ജഗതി ശ്രീകുമാർ അടക്കമുള്ള പ്രമുഖരെ അണിനിരത്തി നിരവധി സ്‌കിറ്റുകൾ രചിക്കുകയും നിരവധി സ്റ്റേജ് പ്രോഗ്രാമുകൾക്ക് രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തതായും നിയാസ് പറഞ്ഞു.
ഗൾഫിൽ പരിപാടി അവതരിപ്പിക്കണമെന്ന ഏതൊരു കലാകാരന്റെയും ആഗ്രഹം നിറഞ്ഞു നിന്ന കാലത്ത് തന്റെ അടങ്ങാത്ത മോഹം മനസ്സിലാക്കി സൗദി അറേബ്യയിലേക്ക് പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിച്ചവരുമുണ്ട്. പിന്നീട് സൗദിയിൽ വന്നപ്പോഴാണ് മനസ്സിലായത് തന്നെ പറ്റിച്ചവർ സൗദി അറേബ്യ ഏതു ഭൂഖണ്ഡത്തിലാണെന്നു പോലും അറിയാത്തവരായിരുന്നു എന്ന്.
യു.എ.ഇയിൽ ആക്ടർ വിസയിൽ ജോലി ചെയ്യുന്ന അപൂർവം വ്യക്തികളിൽ ഒരാളാണ് നിയാസ്. ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനിയായ സൺ നെറ്റ്‌വർക്കിലും, ലോകത്തിലെ ഒന്നാം നിര മാധ്യമ സ്ഥാപനമായ സ്റ്റാർ നെറ്റ്‌വർക്കിലും ജോലി ചെയ്യാൻ കഴിഞ്ഞതും ഇത്രയും കാലത്തെ കലാ ജീവിതത്തിനിടയിൽ മനസ്സ് തുറന്നു സ്‌നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന പ്രവാസ ലോകത്തിന്റെ അംഗീകാരമാണെന്നും നിയാസ് കരുതുന്നു.
റേഡിയോ അവതാരകന്റെ രൂപം പോലും അറിയാതെ ശബ്ദം കൊണ്ടു മാത്രം പ്രേക്ഷക മനസ്സിൽ ഇത്രക്ക് ഇടം പിടിച്ച തന്നെ പോലെയുള്ളവർക്ക് പ്രവാസ ലോകം തരുന്ന സ്‌നേഹവായ്പാണ് ഏറ്റവും വലിയ അംഗീകാരം. പത്തു വർഷത്തെ ഗൾഫ് റേഡിയോ ജീവിതത്തിനിടയിൽ അവതാരകൻ എന്ന നിലയിൽ ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ തവണ ക്ഷണിക്കപ്പെട്ട കലാകാരൻ ഒരുപക്ഷേ താനായിരിക്കുമെന്നും നിയാസ് പറഞ്ഞു.