കൊച്ചി- താൻ രാജ്യദ്രോഹപ്രസംഗം നടത്തിയെന്ന് പ്രചരണം നടത്തുന്നവർ ആ പ്രസംഗം പുറത്തുവിടട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊച്ചിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ ആരോപണം ഉന്നയിക്കുകയാണന്നും മോഡിയെ വിമർശിക്കുന്നത് എങ്ങിനെ രാജ്യദ്രോഹമാകുമെന്നും കോടിയേരി ചോദിച്ചു. രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയിട്ടില്ല. നെടുങ്കണ്ടത്ത് പ്രസംഗിക്കുമ്പോൾ ചാനലുകൾ ഉണ്ടായിരുന്നു. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിൽ ചാനലുകൾ അത് പുറത്തുവിടുമായിരുന്നല്ലോ എന്നും കോടിയേരി ചോദിച്ചു.
ബി.ജെ.പിയുടെ നയങ്ങളെ വിമർശിച്ചാണ് പ്രസംഗിച്ചത്. മോഡിയെ വിമർശിച്ചിട്ടുണ്ട്. ഇനിയും പ്രസംഗിക്കും. അത് രാജ്യദ്രോഹമാണെങ്കിൽ അതിന്റെ പേരിൽ ജയിലിലടക്കട്ടെ. മോഡിയെയും അമിത് ഷായെയും വിമർശിച്ചാൽ അത് രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്നു. പ്രസംഗത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പുറത്തുവിടാനും കോടിയേരി വെല്ലുവിളിച്ചു.
വ്യോമസേന നടത്തിയ തിരിച്ചടിയെ ബി.ജെ.പി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണ്. കർണാടക മുൻ മുഖ്യന്ത്രി യെദിയൂരപ്പയുടെ പ്രസ്താവന ഇതിന് തെളിവാണ്. ഇന്ത്യയുടെ പ്രത്യാക്രമണം ബി.ജെ.പിയുടെ നേട്ടമല്ല. സൈനികരുടെ കരുത്താണത്. ആ കരുത്തിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനെ ഇനിയും എതിർക്കും. രാജ്യം ഒരു വ്യക്തിയുടെ കൈയ്യിലല്ല. ലക്ഷക്കണക്കിന് വരുന്ന സൈനികരുടെ കൈകളിലാണ്. കാർഗിൽ യുദ്ധത്തിന് ശേഷവും ബി.ജെ.പി ഇതേപോലെ രാഷ്ട്ട്രീയപ്രചരണം നടത്തിയിരുന്നു.
രാജ്യം മുഴുവൻ സൈന്യത്തിനൊപ്പമാണ്. സൈന്യത്തെ അപമാനിക്കുകയാണ് ആർ.എസ്.എസ്. യുദ്ധത്തിനോ ആക്രമണത്തിനോ തയ്യാറാകാൻ സൈന്യത്തിന് ആറേഴ് മാസമെങ്കിലും വേണ്ടിവരുമെന്നും എന്നാൽ ആർ.എസ്.എസിന് മൂന്നു ദിവസം പോലും ആവശ്യമില്ലെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്. ഇത് പരിഹസിക്കലാണ്. മറ്റൊരു പാർട്ടിയും സൈന്യത്തെ വിലകുറച്ച് കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു.