കൊണ്ടോട്ടി- കരിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളില്‍നിന്നുള്ള ഹജ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന് കൈമാറുന്നു. കരിപ്പൂര്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ നിലവില്‍ സര്‍വീസിന് സൗദിയുമായി ധാരണയായ എയര്‍ ഇന്ത്യ രണ്ടു വിമാനത്താവളങ്ങളിലെ സര്‍വീസ് കൂടി കൈമാറാനുള്ള ചര്‍ച്ചയിലാണ്. ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 21 എംബാര്‍ക്കേഷന്‍ പോയന്റുകളില്‍നിന്ന് ഹജ് സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. എന്നാല്‍ മതിയായ വിമാനങ്ങളില്ലാത്തതിനാല്‍ സൗദിയക്ക് അഞ്ച് വിമാനത്താവളങ്ങള്‍ മറിച്ച് നല്‍കുകയാണ്. എയര്‍ ഇന്ത്യ സ്വന്തമാക്കിയ ടെന്‍ഡറിനേക്കാള്‍ ഉയര്‍ന്ന നിരക്കിനാണ് സൗദിയക്ക് കൈമാറുന്നത്. എയര്‍ ഇന്ത്യ സ്വന്തമാക്കിയ ടെന്‍ഡറിന് ഹജ് സര്‍വീസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ സൗദി എയര്‍ലൈന്‍സ് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഉയര്‍ന്ന നിരക്ക് അംഗീകരിച്ചിരിക്കയാണ്.
മുന്‍ വര്‍ഷങ്ങളില്‍ സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും സംയുക്തമായണ് ഹജ് തീര്‍ത്ഥാടകരെ കൊണ്ടുപോയിരുന്നത്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളാണ് ഹജ് എമ്പാര്‍ക്കേഷന്‍ പോയന്റുകളായുളളത്. കരിപ്പൂരില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകരും പുറപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സൗദിയയും നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ ഇന്ത്യയുമായിരിക്കും സര്‍വീസ് നടത്തുക. വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുളള ഹജ് സര്‍വീസുകള്‍ നടത്തുന്നത് സൗദി എയര്‍ലൈന്‍സാണ്. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യക്ക് വലിയ വിമാന സര്‍വീസുകള്‍ നടത്താനുളള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
സൗദി എയര്‍െലെന്‍സ്, ജെറ്റ് എയര്‍വെയ്‌സ്, നാസ് എയര്‍ തുടങ്ങിയ വിമാന കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്ക് നല്‍കിയാണ് ഹജ് ടെന്‍ഡറുകള്‍ ഈ വര്‍ഷം എയര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ വിമാനങ്ങളില്ലാത്തതിനാല്‍ ഇവയില്‍ പലതും മറ്റു വിമാന കമ്പനികള്‍ക്ക് നല്‍കുകയാണ്. ജൂലൈ നാല് മുതലാണ് കേരളത്തില്‍ നിന്നുളള ഹജ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.