Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അബ്ശിര്‍ പരിഷ്‌കരിക്കുന്നു; മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനില്‍

റിയാദ് - ജവാസാത്ത് ഡയറക്ടറേറ്റ് നൽകുന്ന മുഴുവൻ സേവനങ്ങളും ഈ വർഷാവസാനത്തോടെയോ അടുത്ത വർഷാദ്യത്തോടെയോ ഓൺലൈൻവൽക്കരിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അൽസൈ്വഖാൻ പറഞ്ഞു. സൗദിയിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകുന്നത് ജവാസാത്ത് ഡയറക്ടറേറ്റ് ആണ്. റീ-എൻട്രി, ഫൈനൽ എക്‌സിറ്റ്, പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, സൗദി പൗരന്മാർക്ക് പാസ്‌പോർട്ട് അനുവദിക്കൽ, പാസ്‌പോർട്ട് പുതുക്കൽ, വിസിറ്റ് വിസ ദീർഘിപ്പിക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ജവാസാത്ത് പടിപടിയായി ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്. 
ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ 11.6 ദശലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തങ്ങൾക്ക് ആവശ്യമായ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇവർക്ക് ഓൺലൈൻ വഴി പൂർത്തിയാക്കുന്നതിന് സാധിക്കും. ഇതുവരെ ഓൺലൈൻ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 50 ലക്ഷത്തിലേറെ ഹവിയ്യകൾ (ഇഖാമകൾ) തപാൽ വഴി ഉപയോക്താക്കൾക്ക് എത്തിച്ചുനൽകിയിട്ടുണ്ട്. 
ഇപ്പോൾ ജവാസാത്ത് ഡയറക്ടറേറ്റിൽ നിന്നുള്ള 90 ശതമാനം നടപടിക്രമങ്ങളും ഓൺലൈൻ വഴിയാണ് പൂർത്തിയാക്കുന്നത്. 
പത്തു ശതമാനം നടപടിക്രമങ്ങൾ മാത്രമാണ് പരമ്പരാഗത രീതിയിൽ ജവാസാത്ത് ഓഫീസുകൾ വഴി പൂർത്തിയാക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ അബ്ശിറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുവിധ പ്രശ്‌നങ്ങളും നേരിടുന്നില്ല. മുഴുവൻ സൗദി പൗരന്മാർക്കും വിദേശികൾക്കും അബ്ശിർ വഴി ജവാസാത്ത് സേവനം നൽകുന്നു. അബ്ശിർ സേവനവുമായി ബന്ധപ്പെട്ട് ഉപയോക്താക്കളിൽ നിന്ന് ഉയരുന്ന പരാതികൾ ഗൗരവത്തിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. നിലവിൽ അബ്ശിർ വഴി ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് സാധിക്കും. 
2007 ലാണ് അബ്ശിർ സേവനം ആരംഭിച്ചത്. അബ്ശിർ വഴി 160 ലേറെ സേവനങ്ങൾ നൽകുന്നുണ്ട്. തങ്ങൾക്കു പകരം മറ്റൊരാളെ ജവാസാത്ത് ഡയറക്ടറേറ്റ് സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുമതലപ്പെടുത്തുന്നതിന് അബ്ശിർ വഴി സാധിക്കും. ഇഖാമ നഷ്ടപ്പെട്ടാൽ അക്കാര്യം അബ്ശിർ വഴി ഉടനടി റിപ്പോർട്ട് ചെയ്യാനാകുമെന്നും ബ്രിഗേഡിയർ ഖാലിദ് അൽസൈ്വഖാൻ പറഞ്ഞു. 
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മുഴുവൻ വകുപ്പുകളും നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈൻവൽക്കരിക്കാൻ ശ്രമിച്ചുവരികയാണെന്ന് ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുല്ല അൽമുശാരി രാജകുമാരൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പരിഷ്‌കരിക്കും. ഉപയോക്താക്കളുടെ സംതൃപ്തിയാണ് ഓൺലൈൻ സേവന നിലവാരത്തെ കുറിച്ച യഥാർഥ അളവുകോൽ. 
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളുടെ കൂടുതൽ സേവനങ്ങൾ ഓൺലൈൻവൽക്കരിക്കുന്നതിനാണ് ശ്രമമെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. അബ്ശിർ സേവനം ഉപയോഗിക്കുന്ന വനിതകളുടെ എണ്ണം 20 ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ടെന്ന് അബ്ശിർ മാനേജർ അതിയ്യ അൽഅനസി പറഞ്ഞു.

 

Latest News