അബുദാബി - ഇരുപത്തിനാലു ലക്ഷം ദിർഹം വില വരുന്ന സ്വർണാഭരണങ്ങളും സ്വർണ ബിസ്‌കറ്റുകളും കവർന്ന മൂന്നംഗ സംഘത്തെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി ബനീയാസ് ഗോൾഡ് മാർക്കറ്റിലെ ജ്വല്ലറിയിൽ നിന്നാണ് സംഘം 12 കിലോ സ്വർണം കവർന്നത്. ഉപയോക്താക്കളെ പോലെ ജ്വല്ലറിയിലെത്തി സുരക്ഷാ വീഴ്ചകൾ മനസ്സിലാക്കി കവർച്ചക്ക് അനുയോജ്യമായ ആയുധങ്ങൾ നിർണയിച്ചാണ് സംഘം മോഷണം നടത്തിയതെന്ന് ബനീയാസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ലെഫ്. കേണൽ ഹംദാൻ സഈദ് അൽമൻസൂരി പറഞ്ഞു.
ചുമതലകൾ വീതിച്ച് രണ്ടു ദിവസം സ്ഥാപനം രഹസ്യമായി നിരീക്ഷിച്ചാണ് കവർച്ച പദ്ധതി സംഘം നടപ്പാക്കിയത്. തൊഴിൽ രഹിതരായ പ്രതികൾ വഴിവാണിഭക്കാരായി ഉൽപന്നങ്ങൾ വിൽപന നടത്തിയാണ് കഴിഞ്ഞിരുന്നത്. അബുദാബി ഇൻഡസ്ട്രിയൽ ഏരിയയിലെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലെ റൂമിൽ ഒളിച്ചുകഴിയുന്ന നിലയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം നടത്തി വ്യത്യസ്ത ജ്വല്ലറികളിൽ സ്വർണം വിൽക്കുന്നതിനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും ലെഫ്. കേണൽ ഹംദാൻ സഈദ് അൽമൻസൂരി പറഞ്ഞു. ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങളും സ്വർണ ബിസ്‌കറ്റുകളും പണവും പ്രതികളുടെ പക്കൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.