റിയാദ് - സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു ഇന്ത്യക്കാർക്ക് റിയാദിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ ആരിഫ് ഇമാമുദ്ദീനെ മോഷണ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ ഹർജിത് സിംഗ് റാമിനും കുമാർ പ്രകാശിനും ആണ് വധശിക്ഷ നടപ്പാക്കിയത്. ആരിഫ് ഇമാമുദ്ദീനെ കൊലപ്പെടുത്തിയ പ്രതികൾ ആരിഫിന്റെ മൊബൈൽ ഫോണും ചരക്ക് അടക്കം ലോറിയും തട്ടിയെടുത്ത് മൃതദേഹം വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ലോറിയിലെ ചരക്ക് പ്രതികൾ പിന്നീട് വിൽപന നടത്തി പണമാക്കുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇത് അപ്രീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളായ ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെയും ഇന്നലെ വധശിക്ഷക്ക് വിധേയരാക്കിയത്. റിയാദിലെ അൽഅദ്ൽ ചത്വരത്തിലാണ് പരസ്യമായി ശിക്ഷ നടപ്പാക്കിയത്.