ശഖ്‌റാ - ശഖ്‌റാ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഥർമദാ ഗേൾസ് എലിമെന്ററി സ്‌കൂൾ അധ്യാപികമാരും ജീവനക്കാരികളും ചേർന്ന് ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. വിദ്യാർഥിനികൾക്കിടയിൽ സന്നദ്ധ പ്രവർത്തന സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും കുടുംബങ്ങളിൽ നിന്നും നാടുകളിൽ നിന്നും അകന്നുകഴിയുന്ന ശുചീകരണ തൊഴിലാളികളുടെ ദുരിതം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് തൊഴിലാളികൾക്കിടയിൽ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തത്.
സ്‌കൂൾ ജീവനക്കാരികളുടെ ഭക്ഷണ, വസ്ത്ര വിതരണം തങ്ങളെ സ്വാധീനിച്ചതായി ശുചീകരണ തൊഴിലാളികൾ പറഞ്ഞു. സമൂഹത്തെ സേവിക്കുന്നതിന് തങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിലമതിക്കുന്നവരുണ്ട് എന്ന തോന്നൽ ഇത് തങ്ങളിലുണ്ടാക്കുന്നതായും തൊഴിലാളികൾ പറഞ്ഞു.