Sorry, you need to enable JavaScript to visit this website.

മതമൈത്രി പൂത്ത പൊന്നാനിയിലെ നോമ്പുകാലം

പരമ്പരാഗതമായി സമുദായങ്ങൾ പങ്കുവെച്ച സ്‌നേഹ വിശ്വാസങ്ങളിൽ നിന്നാണ് അടിയുറച്ച മത സൗഹാർദ്ദങ്ങൾ ഉടലെടുത്തിട്ടുള്ളത്. അതിന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സാംസ്‌കാരികമായി കൂടിക്കഴിയണം. കുടുബങ്ങൾ തമ്മിൽ ആഹ്ലാദവും ദുഃഖവും പങ്കുവെക്കണം. കുട്ടികൾ എന്റേയും നിന്റേയും എന്ന വ്യത്യാസമില്ലാതെ വളരണം. അങ്ങനെയൊരു അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന ബാല്യകാലമാണെനിക്ക്. കേരളത്തിലെ ചെറിയ മക്കയെന്നറിയപ്പെടുന്ന പൊന്നാനിക്കളരിയിൽ ജീവിക്കാനായതാണ് എന്റെ ഭാഗ്യം.   ചരിത്രത്തിലെ പല ദംഷ്ട്ര വളവുകളേയും വെല്ലുവിളിച്ച് മതമൈത്രി നിലനിർത്തിപ്പോന്ന നാടാണ് പൊന്നാനി. സഹോദരീ സഹോദരങ്ങളില്ലാതെ ഒറ്റക്കായിപ്പോയ എനിക്ക് അയൽവാസി അബ്ദുൾ ഖയ്യൂമായിരുന്നു ഏക കളിക്കൂട്ടുകാരനും കൂടപ്പിറപ്പും. ഒന്നുകിൽ ഞാൻ ഖയ്യൂമിന്റ വീട്ടിൽ അല്ലെങ്കിൽ എന്റെ വീട്ടിൽ ഖയ്യൂം. ഞങ്ങളെ ഒറ്റക്ക് കണ്ടാൽ എവിടെ രാമാനുണ്ണി, അല്ലെങ്കിൽ എവിടെ ഖയ്യൂം..? നാട്ടുകാരും വീട്ടുകാരും ചോദിച്ചു കൊണ്ടേയിരിക്കും.
നോമ്പ് കാലത്താണ് കൂടുതൽ ആനന്ദം. നോമ്പ് തുറ സമയത്ത് ഖയ്യൂമിന്റെ വീട്ടിൽ നിന്ന് എന്നെ തേടിയുള്ള വിളി വരും. ഞാൻ കൡക്കളം വിട്ട് പോയാലും എന്നെ അവർ കാത്തിരിക്കും. ഒരിക്കൽ റമദാനിൽ ഞാനും ഖയ്യൂമും സ്റ്റപ്പ് ഡൗൺ ട്രാൻസ് ഫോർമർ വെച്ച് കളിക്കുകയായിരുന്നു. ഖയ്യൂമിന്റെ വീട്ടിലെ ഫ്യൂസ് അടിച്ചുപോയി. വീട്ടിൽ പ്രശ്‌നമായി. നോമ്പുകാരനായ ഖയ്യൂം കരഞ്ഞുകൊണ്ടിരുന്നു. അവന് പിന്തുണയുമായി ഞാനും എന്റെ വീട്ടിൽ നോമ്പുകാരനായി വൈകുംവരെ കിടന്നു. ഒടുവിൽ ഖയ്യൂമിന്റെ പിതാവ്  ട്രാൻസ്‌ഫോർമർ തിരിച്ചുതന്നു. നോമ്പ് തുറ സമയത്തെ ഖയ്യൂമിന്റെ ബാപ്പയുടെ പ്രഖ്യാപനം ഞങ്ങളെ ആനന്ദത്തിലാക്കി. എന്നേയും ഒരുമിച്ചിരുത്തി നോമ്പു തുറപ്പിച്ചു. നോമ്പ് എടുത്തുള്ള നോമ്പ് തുറയാണ് നോമ്പെടുക്കാതെയുളള നോമ്പ് തുറയേക്കാൾ നല്ലതെന്ന് അന്നാണ് എനിക്ക് ബോധ്യമായത്.
പൊന്നാനിയിലെ പൗരപ്രമുഖനായിരുന്നു ഖയ്യൂമിന്റെ ബാപ്പ അബ്ദുല്ല ഹാജി. സാത്വികനും തികഞ്ഞ ഭക്തനുമായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെ പടികൾ കയറിപ്പോകാൻ താങ്ങാവുന്ന കൈവരികളായിരിക്കണം മത വിശ്വാസവും ദൈവ വിശ്വാസവും എന്ന് തന്റെ ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളിലൂടെയും അദ്ദേഹം ഉദാഹരിച്ചു. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയ എന്നോട് അദ്ദേഹത്തിന് പ്രത്യേക സ്‌നേഹമായിരുന്നു. ചെസ്സ് കളിയിൽ ഖയ്യൂമിനെതിരെ എന്നോടൊപ്പം നിൽക്കാനാണ് അദ്ദേഹത്തിനിഷ്ടം. അച്ഛനില്ലാത്ത ഞാൻ തോൽക്കരുതെന്ന് ഹാജിക്ക് നിർബന്ധമായിരുന്നു.
റമദാനിൽ പെന്നാനിക്കാഴ്ച വളരെ മനോഹരമാണ്. പാനീസ് വിളക്കിന്റെ വെട്ടമാണ് ഇതിൽ പ്രധാനം. നോമ്പു തുറ വിഭവങ്ങൾ ഇന്ന് അങ്ങാടി നിലവാരത്തിലാണെങ്കിലും ഖയ്യൂമിന്റെ കൂടെയിരുന്ന് കഴിച്ച പത്തിരിയോളം വരില്ല ഒന്നും. സ്‌നേഹത്താൽ ഊട്ടിയ വിഭവങ്ങളായിരുന്നു അവ. ഓരോ നോമ്പുകാലത്തും ഒളിമങ്ങാത്ത ഓർമയായി ഖയ്യൂമും ബാപ്പയും ഒക്കെ കടന്നു വരും. ജാതിയുടേയും മതത്തിന്റെയും വർഗത്തിന്റേയും വേലികൾക്കപ്പുറം ദൈവത്തോളം ഉയരമുള്ള ഒന്നാണ് സ്‌നേഹം.  അതുകൊണ്ട് എന്റെ കണ്ണുകൾ ഈറനാക്കുന്ന മരിച്ചവരുടെ ചുരുക്കം സ്മൃതികളിൽ ഖയ്യൂമിന്റെ ബാപ്പ അബ്ദുല്ല ഹാജിയും പ്രശോഭിക്കുന്നു.
 

Latest News