അബുദാബി- ഇന്ത്യ, പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യയും യു.എ.ഇയും. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിനെത്തുന്ന വിദേശമന്ത്രി സുഷമ സ്വരാജുമായി സൗദി വിദേശ ഉപമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇക്കാര്യം സംസാരിക്കുമെന്ന് സൂചനയുണ്ട്.
പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും അബുദാബിയില്‍ എത്തുന്നുണ്ട്. സുഷമ-ഖുറൈശി കൂടിക്കാഴ്ച ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതുണ്ടാവാനുള്ള സാധ്യത തീരെയില്ല. ഒ.ഐ.സി വിദേശമന്ത്രിമാര്‍ ഇന്ത്യ,പാക് വിദേശമന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തിയേക്കും. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഒഐസി സമ്മേളനം മുന്നോട്ടുവെക്കാനും സാധ്യതയുണ്ട്.
ചരിത്രത്തിലാദ്യമാണ് ഇന്ത്യ ഒ.ഐ.സിയില്‍ ഔദ്യോഗിക പ്രതിനിധിയായി എത്തുന്നത്. ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന പാക് ആവശ്യം യു.എ.ഇ തള്ളുകയായിരുന്നു.