കോഴിക്കോട്- ഗ്രാൻഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ഡിതൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നാളെ കോഴിക്കോട്ട് പൗരസ്വീകരണം നൽകുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
നാളെ വൈകീട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിയിലാണ് സ്വീകരണം. മുൻ ഗ്രാൻഡ് മുഫ്തി അഖ്തർ റസാഖാൻ ബറേൽവിയുടെ നിര്യാണത്തെ തുടർന്നാണ് കാന്തപുരത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് സംഘാടകർ വ്യക്തമാക്കി. ഇക്കഴിഞ്ഞ 24ന് ന്യൂദൽഹി രാംലീല മൈതാനിയിൽ നടന്ന ഗരീബ് നവാസ് പീസ് കോൺഫറൻസിനോട് അനുബന്ധിച്ചു ചേർന്ന രാജ്യത്തെ സുന്നി മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലായിരുന്നു പ്രഖ്യാപനം.
ഇന്ത്യക്ക് പുറമെ, മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ദക്ഷിണേഷ്യൻ മുസ്ലിം കുടിയേറ്റ പ്രദേശങ്ങളായ ബ്രിട്ടൻ, ആഫ്രിക്ക, അമേരിക്കൻ പ്രദേശങ്ങളും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ അധികാര പരിധിയിൽ വരുമെന്നും സ്വീകരണ സമ്മേളന പരിപാടികൾ വിശദീകരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മദ്‌റസാ ക്ഷേമനിധി ബോർഡ് ചെയർമാൻ അബ്ദുൽ ഗഫൂർ സൂര്യ, സി.പി മൂസ ഹാജി, ഷമീം ലക്ഷദ്വീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു