കാസര്‍കോട്- പീഡനവും പിന്നാലെ ആത്മഹത്യാശ്രമവും നടന്ന സംഭവത്തില്‍ ഭര്‍തൃമതിയുടെ പരാതിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനും ചുമട്ടു തൊഴിലാളിയുമായ കുറ്റിക്കോല്‍ തെല്ലിത്താവ് കാഞ്ഞനടുക്കത്തെ ഗോപാലനെ (52) ബേഡകം പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിനിരയായ യുവതി പട്ടിക വിഭാഗക്കാരിയായതിനാല്‍ കേസ് കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറി. ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭര്‍തൃമതിയായ 31 കാരിയാണ് ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ മനംനൊന്ത യുവതി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. പ്രതിയുടെ സമ്മര്‍ദവും മാനഹാനിയും കാരണം പരാതി നല്‍കാനോ മറ്റോ യുവതി തയാറായിരുന്നില്ല. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെയാണ് യുവതി ബേഡകം പോലീസ് സ്റ്റേഷനിലെത്തി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഭര്‍തൃമതിയായ തന്നെ ഗോപലന്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് കാഞ്ഞനടുക്കത്തെത്തി ഗോപാലനെ പിടികൂടുകയായിരുന്നു.
പരാതിയില്‍ ഉറച്ചുനിന്ന യുവതിയെ പിന്നീട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗത്തിനും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനും കയ്യേറ്റത്തിനും ഭീഷണിക്കുമാണ് ബേഡകം പോലീസ് കേസെടുത്തിരിക്കുന്നത്.