കോട്ടയം - നവോത്ഥാന നീക്കത്തെ തുടർന്ന് ഉടലെടുത്ത വെള്ളാപ്പള്ളി ബന്ധം സിപിഎം കൂടുതൽ ഊഷ്മളമാക്കുമ്പോൾ എൻഎസ്എസ് വഴുതി മാറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമുദായ സംഘടനകളുമായുളള ബന്ധം കഴിയുന്നത്ര മെച്ചപ്പെടുത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. മതന്യൂനപക്ഷങ്ങളുമായി സിപിഎമ്മിന് കാര്യമായ പ്രശ്‌നങ്ങൾ നിലവിൽ ഇല്ലെങ്കിലും പള്ളി സ്വത്ത് സംബന്ധിച്ച പുതിയ വിവാദം ക്രൈസ്തവ വിഭാഗത്തിലും ഉത്കണ്ഠ പരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ കൂടെ നിർത്താൻ പാർട്ടി നന്നായി അധ്വാനിക്കുകയാണ്.
കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയത് പാർട്ടിയുടെ പുതിയ സമീപനമാണ് വെളിവാക്കുന്നത്. കോടിയേരിയും സമാനമായ ഒരു ദൗത്യം ഏറ്റെടുത്തിരുന്നു. യാത്രയ്ക്കിടെ കോട്ടയത്ത് വെച്ച് നായർ സർവീസ് സൊസൈറ്റിയുമായി ഒരു കൂടിക്കാഴ്ച. ശബരിമല വിഷയത്തോടെയുള്ള ഭിന്നത തൽക്കാലത്തേക്കെങ്കിലും പരിഹരിക്കുക. ഇതിനായി സിപിഎം ചർച്ചയ്ക്കു സന്നദ്ധമാണെന്ന് വ്യക്തമാക്കി. എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ പോകുന്നതിനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം തെരഞ്ഞെടുപ്പു കാലത്ത് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുന്ന പതിവുണ്ടെന്ന കോൺഗ്രസിന്റെ വിമർശനത്തിനിടെയായിരുന്നു ഇത്. കോടിയേരിയുടെ ദൗത്യം പക്ഷേ പരാജയപ്പെട്ടു. എൻഎസ്എസ് വാതിൽ കൊട്ടിയടച്ചു. ഇതിനെതിരെ ആദ്യം കോടിയേരി അതിശക്തമായി പ്രതികരിച്ചുവെങ്കിലും പിന്നീട് മയപ്പെടുത്തി.
മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്‌ലിം സമുദായം ഇടതുമുന്നണിയിലേക്ക് അടുക്കുന്നുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. വടക്കൻ മണ്ഡലങ്ങളിൽ സമീപകാലത്ത് ഉണ്ടായ വിജയം ഇതാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സമുദായത്തെ കൂടെ നിർത്താൻ പാർട്ടി ബദ്ധശ്രദ്ധമാണ്. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ടു ചോർച്ചയാണ് സിപിഎം ലക്ഷ്യം. ബിജെപിക്ക് ബദൽ സിപിഎം എന്ന വിശ്വാസം വളർത്താനാണ് പാർട്ടി ശ്രമിച്ചത്. എന്നാൽ സമീപകാലത്ത് ഉണ്ടായ ചില സംഭവ വികാസങ്ങൾ ഈ വോട്ട് ബാങ്കിലും ആശങ്ക വീഴ്ത്തിയോ എന്ന സംശയം പാർട്ടിക്കുണ്ട്.
ഷുഹൈബ് വധത്തിൽ ജയരാജിനെതിരെ കുറ്റപത്രം നൽകുകയും ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് അന്വേഷണത്തെ നിഗമനങ്ങൾക്ക് മുകളിൽ സിബിഐ അന്വേഷത്തിന് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച പ്രതികരണവും പാർട്ടിയെ വെട്ടിലാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് കാസർകോട് പെരിയ ഇരട്ടക്കൊലപാതകം. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തോട് സിപിഎം ഇതുവരെ സ്വീകരിക്കാത്ത നിലപാടാണ് തുടക്കം മുതൽ എടുത്തത്. കൊലപാതകത്തെ അപലപിക്കുകയും കുറ്റവാളികളെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടയുളള നേതാക്കൾ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എങ്കിലും പോലീസ് പിടികൂടിയ പീതാംബരൻ പോലീസ് തന്നെ മർദിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്ന് വ്യക്തമാക്കിയതോടെ വീണ്ടും പാർട്ടിയെ ഉലച്ചു. ഈ സാഹചര്യത്തിലാണ് ശബരിമലയോടെ അകന്ന എൻഎസ്എസിനെയും എക്കാലവും തുണയായ ഈഴവ വിഭാഗത്തെയും ഉറപ്പിച്ചു നിർത്താനും പാർട്ടി നീക്കം തുടങ്ങിയത്. വെള്ളാപ്പള്ളിയെ വസതിയിലെത്തി പിണറായി സന്ദർശിച്ചത് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.