യാമ്പു- പതിമൂന്നാമത് യാമ്പു പുഷ്‌പോത്സവത്തിന് ഇന്ന് തുടക്കമാകും. പുഷ്‌പോത്സവം മാർച്ച് 28 വരെ നീണ്ടുനിൽക്കും. ഇന്ന് വൈകിട്ട് റോയൽ കമ്മീഷൻ ഹൈപ്പർ പാണ്ടക്ക് മുൻവശത്തുള്ള പുഷ്പ നഗർ പൊതു ജനങ്ങൾക്ക് തുറന്നുകൊടുക്കും. യാമ്പു റോയൽ കമ്മീഷൻ ലാൻഡ്‌സ്‌കേപ്പിംഗ് ആന്റ് ജലസേചന വകുപ്പാണ് രണ്ടു പ്രാവശ്യം ലോക റെക്കാർഡ് ലഭിച്ച ഈ വിസ്മയത്തിന്റെ സംഘാടകർ.
നാളെ വൈകുന്നേരം മുതലാകും മുഴുവൻ പവിലിയനും സന്ദർശിക്കാൻ അവസരം ലഭിക്കുക. സന്ദർശകർക്ക് മനോഹരമായ ദൃശ്യവിരുന്ന് നൽകുന്നതിനു പുറമേ, വിവിധ ഉദ്യാനങ്ങളെയും പൂക്കളെയും കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ബോധവത്കരണം നടത്താൻ അവരെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. നിരവധി പൂക്കളുടെ കുന്നിൻ ചെരിവുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ബട്ടർ ഫ്‌ളൈ പാർക്ക് ,ബേഡ്‌സ് ഗാർഡൻ, പാഴ്‌വസ്തുക്കളുടെ പാർക്ക്,കുട്ടികളുടെ പാർക്ക്,ഫുഡ് കോർണർ, വിവിധ സ്ഥാപനങ്ങളുടെ പവിലിയൻ തുടങ്ങിയ ആകർഷണീയമാകും.
കഴിഞ്ഞ വർഷത്തേക്കാൾ അതിമനോഹരമായ പൂവിസ്മയമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.