മക്ക - മക്ക പ്രവിശ്യയിലെ ലിഫ്റ്റ് കമ്പനികളിൽ ലിഫ്റ്റ് ടെക്‌നീഷ്യൻ അടക്കമുള്ള തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ ലിഫ്റ്റ്, സേഫ്റ്റി കമ്മിറ്റിക്ക് നീക്കം. സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന കോർപറേഷനുമായും സിവിൽ ഡിഫൻസുമായും സഹകരിച്ച് ടെക്‌നിക്കൽ കോളേജ്, ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റിയൂട്ട് ബിരുദധാരികൾക്ക് ലിഫ്റ്റ് കമ്പനികളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് ശ്രമം. ലിഫ്റ്റ്, സെക്യൂരിറ്റി മേഖലയിൽ സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടപ്പാക്കുന്നതിനും സ്വകാര്യ കമ്പനികളെയും സർക്കാർ വകുപ്പുകളെയും തൊഴിൽ പരിശീലന സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മക്ക ചേംബർ ഓഫ് കൊമേഴ്‌സ് പ്രവർത്തിക്കുമെന്ന് മക്ക ചേംബർ സെക്രട്ടറി ജനറൽ ഇബ്രാഹിം ബർദീസി പറഞ്ഞു.
യോഗ്യരായ സൗദി യുവാക്കളെ ഉപയോഗിച്ച് തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നികത്തുന്നതിന് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ടെക്‌നിക്കൽ കോളേജുകളും ഇൻഡസ്ട്രിയൽ സെക്കണ്ടറി ഇൻസ്റ്റിറ്റിയൂട്ടുകളും ഒരുക്കമാണെന്ന് മക്ക പ്രവിശ്യ സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന വിഭാഗം മേധാവി ഫൈസൽ കദ്‌സ പറഞ്ഞു. മക്ക പ്രവിശ്യയിൽ ലിഫ്റ്റ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് പരിശീലന കോഴ്‌സുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ലിഫ്റ്റ് കമ്പനികളെയും ഇൻഡസ്ട്രിയൽ സെക്കണ്ടറി ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർമാരെയും സിവിൽ ഡിഫൻസിനെയും സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന കോർപറേഷനെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ ലിഫ്റ്റ്, സേഫ്റ്റി കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ ഫൈസൽ ഹനാവി പറഞ്ഞു.