പാവപ്പെട്ട നൂറുകണക്കിനാളുകളെ കുടിയൊഴിപ്പിച്ച് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിക്കുന്നത്. ആവശ്യപ്പെടുമ്പോഴെല്ലാം, കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളെ വികസനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ സമയബന്ധിതമായി ഭൂമി ഏറ്റെടുത്തു നൽകിയിട്ടുണ്ട്. കേന്ദ്ര തീരുമാനത്തിലൂടെ പ്രസ്തുത ഭൂമിയുൾപ്പെടെ അദാനിക്ക് കൈമാറുകയാണ്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനം അപലപനീയമാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ പല കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധ സമരം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ഇതുൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ വിൽപന നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ടെണ്ടറുകൾ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം, ഗുവാഹത്തി, ലഖ്‌നൗ, മംഗളൂരു, അഹമ്മദാബാദ്, ജയ്പൂർ എന്നീ ആറ് സുപ്രധാനമായ വിമാനത്താവളങ്ങൾ സ്വകാര്യ സംരംഭകർക്ക് നൽകുന്നതിനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മാസങ്ങൾക്ക് മുമ്പ് ഈ തീരുമാനം പ്രഖ്യാപിച്ചപ്പോൾതന്നെ എൽ.ഡി. എഫും സംസ്ഥാനസർക്കാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫും വിമാനത്താവള ജീവനക്കാരുടെ സംഘടനകളും പ്രക്ഷോഭ രംഗത്തിറങ്ങിയെങ്കിൽ വിമാനത്താവളം വിൽക്കരുതെന്നും സർക്കാർ ഏറ്റെടുത്തുകൊള്ളാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തു. സ്വകാര്യവൽക്കരണത്തിനെതിരായ സമരത്തിന് വൻ ബഹുജന പിന്തുണയാണ് ലഭിച്ചത്. അതുപോലെതന്നെ സർക്കാരിന്റെ പ്രഖ്യാപനത്തിനും വൻ സ്വീകാര്യതയുണ്ടായി. എന്നാൽ തീരുമാനത്തിൽനിന്ന് പിറകോട്ട് പോകാൻ കേന്ദ്രം തയ്യാറായില്ല.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) വിമാനത്താവളം വിൽക്കുന്നതിന് തീരുമാനിച്ചപ്പോൾ കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അനുഭവസമ്പത്തുമായാണ് കേരള സർക്കാർ ഏറ്റെടുക്കാമെന്ന സന്നദ്ധത പ്രകടിപ്പിച്ചത്. കെ.എസ്.ഐ.ഡി.സി ടെണ്ടറിൽ പങ്കെടുത്തുവെങ്കിലും വിജയിക്കാനായില്ല. കണ്ണൂരിലേത് പുതിയതാണെങ്കിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് മുഖവിലക്കെടുക്കാൻ ബി.ജെ.പി സർക്കാർ തയ്യാറായില്ല. പകരം നടപടിക്രമങ്ങൾ പാലിച്ച് ലേലത്തിൽ പങ്കെടുക്കുന്നതിന് നിർദ്ദേശിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് നിയമവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ സമീപനമായിരുന്നു.
എഎഐ ലേല നടപടികളിലൂടെ വിൽപന തീരുമാനിച്ചുവെങ്കിലും സംസ്ഥാന സർക്കാർ ഏറ്റെടുത്തുകൊള്ളാമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തെ വിൽപന നടപടിയിൽ നിന്ന് ഒഴിവാക്കുവാനും അടിസ്ഥാനവില നിശ്ചയിച്ച് നൽകാനും കേന്ദ്ര സർക്കാരിന് തീരുമാനിക്കാവുന്നതായിരുന്നു.
പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് പൂട്ടുന്നതിനും ആസ്തികൾ വിറ്റൊഴിവാക്കുന്നതിനും കേന്ദ്രം തീരുമാനിച്ചപ്പോൾ അത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരികയും ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിന് ലേല നടപടികളെന്നോ മറ്റോ ഉള്ള ഒരു നിയമതടസ്സവും ഉന്നയിക്കപ്പെട്ടില്ല. 53 കോടി രൂപ ആസ്തിബാധ്യത കണക്കാക്കി കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രം ഒപ്പിട്ട് സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിന്റെ കാര്യത്തിൽ അദാനിമാരോടും മറ്റ് വൻകിടക്കാരോടും ലേലത്തിൽ മത്സരിച്ച് നേടിയെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
പാവപ്പെട്ട നൂറുകണക്കിനാളുകളെ കുടിയൊഴിപ്പിച്ച് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിക്കുന്നത്. ആവശ്യപ്പെടുമ്പോഴെല്ലാം, കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളെ വികസനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ സമയബന്ധിതമായി ഭൂമി ഏറ്റെടുത്തു നൽകിയിട്ടുണ്ട്. കേന്ദ്ര തീരുമാനത്തിലൂടെ പ്രസ്തുത ഭൂമിയുൾപ്പെടെ അദാനിക്ക് കൈമാറുകയാണ്.
വിമാനത്താവളം ആർക്കാണ് നൽകുന്നതെന്ന വാർത്ത പുറത്തുവന്നപ്പോഴാണ് ഇതിന്റെയെല്ലാം പിറകിലുള്ള ഗൂഢലക്ഷ്യങ്ങൾ വ്യക്തമായത്. ലേലമെന്നത് കേവല നടപടി മാത്രമാണെന്നും സുപ്രധാനവും സുരക്ഷാ പ്രാധാന്യവുമുള്ള വിമാനത്താവളങ്ങൾ അദാനിക്ക് നൽകുന്നതിന് വഴിയൊരുക്കുക മാത്രമാണ് ലക്ഷ്യമെന്നും മനസ്സിലാക്കുന്നതിന് വലിയ പ്രയാസമില്ല. ഇതുവഴി അദാനി വിമാനത്താവള നടത്തിപ്പിലേക്ക് ആദ്യമായി പ്രവേശിക്കുകയാണ്. ആറ് വിമാനത്താവളങ്ങൾക്കും ടെൻഡർ സമർപ്പിച്ച ജിഎംആർ ഗ്രൂപ്പ് അര ഡസനിലധികം വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ പരിചയമുള്ളവരാണ്. കുറഞ്ഞ വിലയാണ് നിർദ്ദേശിച്ചതെന്നത് അവരെ ഒഴിവാക്കുന്നതിനുള്ള കാരണമായി വിശദീകരിക്കാൻ കഴിഞ്ഞെന്നിരിക്കും. എങ്കിലും എല്ലാ വിമാനത്താവളങ്ങളും നേടിയെടുക്കാൻ കഴിയുന്നവിധം ഉയർന്ന വില നിർദ്ദേശിക്കാൻ അദാനിക്ക് സാധ്യമായതെങ്ങനെയെന്നത് ദുരൂഹം തന്നെയാണ്. ഉറ്റതോഴനായ അദാനിക്ക് രാജ്യത്തെ സുപ്രധാനമായ തുറമുഖങ്ങൾ മോഡിയുടെ കാർമികത്വത്തിലാണ് നൽകപ്പെട്ടത്. ഇപ്പോഴിതാ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് സ്വന്തമായി നൽകിക്കൊണ്ട് മോഡി തന്റെ വിധേയത്വം തെളിയിച്ചിരിക്കുന്നു.
സ്വന്തം മണ്ഡലത്തിൽ ആഗോളതല ശ്രദ്ധ നേടിയൊരു വിമാനത്താവളം വിൽപനയ്ക്കു വെച്ചപ്പോൾ ജനമാകെ ചേർന്ന് നടത്തിയ പ്രതിഷേധത്തെ തിരിഞ്ഞുനോക്കാതിരുന്ന ലോക്‌സഭാംഗം ശശി തരൂരിന്റെ നിലപാടും സാന്ദർഭികമായി ഇവിടെ പരാമർശിക്കാതിരിക്കാൻ കഴിയില്ല.