അബുദാബി - ഖത്തറിന് അനുവദിച്ച 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചു നടത്തിയേക്കുമെന്ന് സൂചന. യു.എ.ഇയിലും ഒമാനിലും കുവൈത്തിലും ഏതാനും മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് യു.എ.ഇ സ്‌പോര്‍ട്‌സ് മേധാവി പറഞ്ഞു. ഖത്തറിലെ ലോകകപ്പില്‍ 48 ടീമുകളെ ഉള്‍പെടുത്തണമോയെന്ന് ഫിഫ ആലോചിക്കുകയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത മാസമുണ്ടാവും. ഇപ്പോള്‍ 32 ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. 48 ടീമുകള്‍ കളിക്കുന്നുവെങ്കില്‍ മറ്റ് മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി കളികള്‍ സംഘടിപ്പിക്കാനാണ് നീക്കം. ഖത്തറില്‍ മാത്രം 48 ടീമുകളുടെ ലോകകപ്പ് നടത്താനാവില്ലെന്ന് ഫിഫക്ക് ബോധ്യമുണ്ട്. മറ്റു ഗള്‍ഫ് നാടുകളില്‍ കൂടി കളി നടക്കണമെങ്കില്‍, അതിന് മുമ്പ് ഖത്തറുമായുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്രബന്ധം നന്നാവേണ്ടതുണ്ട്.
നയതന്ത്ര ബന്ധം മെച്ചപ്പെടുകയാണെങ്കില്‍ ഖത്തറിനെ ലോകകപ്പ് നടത്താന്‍ സഹായിക്കുന്നതില്‍ അതിയായ ആഗ്രഹമേയുള്ളൂ എന്ന് യു.എ.ഇ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍റുമൈതി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തുടരുകയാണെങ്കില്‍ അത് അസാധ്യമായിരിക്കുമെന്നും റുമൈതി കൂട്ടിച്ചേര്‍ത്തു.
യു.എ.ഇക്കും കുവൈത്തിനും ഒമാനും ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും സൗകര്യങ്ങളും സജ്ജമാക്കാനാവും. ഫിഫ സമ്മതിക്കുകയാണെങ്കില്‍ ചെറിയ സ്റ്റേഡിയങ്ങളിലും കളി നടത്താം. രണ്ട് ഗ്രൂപ്പുകളിലെ മുഴുവന്‍ മത്സരങ്ങളും യു.എ.ഇക്ക് നടത്താം -റുമൈതി വിശദീകരിച്ചു.
ഇതു സംബന്ധിച്ച ഫിഫയുടെ പഠന റിപ്പോര്‍ട്ട് കാണുന്നതുവരെ 48 ടീമുകളുടെ ലോകകപ്പിനെക്കുറിച്ച് തീരുമാനമെടുക്കില്ലെന്നാണ് ഖത്തര്‍ പറയുന്നത്. ഏഷ്യന്‍ കപ്പിനിടെ യു.എ.ഇ ആരാധകരില്‍ ചിലരില്‍ നിന്നുണ്ടായ മോശം പെരുമാറ്റം യു.എ.ഇയുടെ ആരാധകരുടെ യഥാര്‍ഥ ചിത്രമല്ലെന്നും സംഭവത്തിന്റെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനോട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും റുമൈതി പറഞ്ഞു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റുമൈതിയും നിലവിലെ പ്രസിഡന്റ് ബഹ്‌റൈനിലെ സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫയും മത്സരിക്കുന്നുണ്ട്. ഏപ്രിലിലാണ് വോട്ടെടുപ്പ്.