റിയാദ് - പുതിയ വർഷത്തെ ലെവി ഇൻവോയ്‌സ് അടയ്ക്കാത്ത സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽനിന്നുള്ള സേവനങ്ങൾ ഏപ്രിൽ മുപ്പതു മുതൽ നിർത്തിവെക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ലെവി ഇൻവോയ്‌സ് അടയ്ക്കുന്നതിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇളവ് നൽകുന്നതിനുള്ള തീരുമാനം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുന്നതിനു മുമ്പാണ് ലക്ഷക്കണക്കിന് സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ ബാധിക്കുന്ന തീരുമാനം.
സ്വകാര്യ വ്യവസായികൾ നിരന്തരം നടത്തിയ ശ്രമങ്ങളുടെ ഫലമായും സാമ്പത്തിക പരിഷ്‌കരണങ്ങൾ കാരണം സ്വകാര്യ മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധി കണക്കിലെടുത്തുമാണ് കഴിഞ്ഞ വർഷത്തെ ലെവി ഇൻവോയ്‌സ് അടയ്ക്കുന്നതിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇളവ് നൽകുന്നതിന് തീരുമാനിച്ചത്. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിച്ച് പച്ച, പ്ലാറ്റിനം വിഭാഗങ്ങളിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെ കഴിഞ്ഞ വർഷത്തെ ലെവി ഇൻവോയ്‌സ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനകം ലെവി ഇൻവോയ്‌സ് അടച്ചുകഴിഞ്ഞ സ്ഥാപനങ്ങൾക്ക് ഈയിനത്തിലെ തുക തിരിച്ചുനൽകും. മഞ്ഞ, ചുവപ്പ് വിഭാഗം സ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് അവസരം നൽകിയിട്ടുണ്ട്.
2019 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വർക്ക് പെർമിറ്റും നേടുകയോ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുകയോ ചെയ്തവരുടെ വർക്ക് പെർമിറ്റിൽ 2019 ൽ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതിയ ഇൻവോയ്‌സ് ഇഷ്യൂ ചെയ്തിരിക്കുന്നത്.
സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 600 റിയാൽ തോതിൽ വർഷത്തിൽ 7200 റിയാലും സൗദികളുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 500 റിയാൽ തോതിൽ വർഷത്തിൽ 6,000 റിയാലുമാണ് ഈ വർഷം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വർഷം സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരേക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.
നാലും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ല. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയും ലെവിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്.