റിയാദ് - സൗദിയിൽ സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക് ശാഖ തുറക്കുന്നതിന് ലൈസൻസ് നൽകുന്നതിന് മന്ത്രിസഭാ തീരുമാനം. ഭാവിയിൽ കൂടുതൽ ശാഖകൾ തുറക്കുന്നതിനുള്ള സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്കിന്റെ അപേക്ഷകളിൽ തീർപ്പ് കൽപിക്കുന്നതിന് ധനമന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ബാങ്ക് ആയ സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക് ശാഖ സൗദിയിൽ തുറക്കുന്നതിന് ലൈസൻസ് നൽകുന്നതിന് തീരുമാനിച്ചത്.
ഗാർഹിക തൊഴിലാളികളുടെയും മറ്റു തൊഴിലാളികളുടെയും റിക്രൂട്ട്‌മെന്റ് ക്രമീകരിക്കുന്നതിന് ഉഗാണ്ടയുമായി ഒപ്പുവെച്ച രണ്ടു കരാറുകളും മന്ത്രിസഭ അംഗീകരിച്ചു.
ദ്വിമുഖ നികുതി ഒഴിവാക്കുന്നതിന് സ്വിറ്റ്‌സർലാന്റുമായി ഒപ്പുവെച്ച കരാറും സിവിൽ ഏവിയേഷൻ സുരക്ഷാ മേഖലയിൽ സഹകരിക്കുന്നതിന് ബ്രിട്ടനുമായി ഒപ്പുവെച്ച ധാരണാപത്രവും വ്യോമയാന മേഖലയിൽ സഹകരിക്കുന്നതിന് സ്‌പെയിനുമായി ഒപ്പുവെച്ച കരാറും അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.
തൊഴിൽ മേഖലയിൽ സഹകരിക്കുന്നതിന് തുനീഷ്യയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
രാജ്യത്തെ റെയിൽ ഗതാഗതവുമായി ബന്ധപ്പെട്ട മുഴുവൻ പശ്ചാത്തല സൗകര്യങ്ങളും ആസ്തികളും സൗദി റെയിൽവേ കമ്പനിയിലേക്ക് മാറ്റുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
ഗതാഗത മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ ഗതാഗത മന്ത്രി സമർപ്പിച്ച റിപ്പോർട്ടും സാമ്പത്തിക, വികസന സമിതി അംഗീകരിച്ച ശുപാർശയും പരിശോധിച്ചാണ് തെക്കുവടക്കു പാത, വഅദ് അൽശമാൽ സിറ്റിയെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികൾ, ജുബൈലിലെ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതി, നിലവിൽ റിയാദിനും ദമാമിനും ഇടയിലുള്ള റെയിൽപാത, റിയാദ് ഡ്രൈഡോക്ക് റെയിൽപാത, ഹറമൈൻ ഹൈസ്പീഡ് റെയിൽവേ അടക്കം രാജ്യത്തെ മുഴുവൻ റെയിൽ ഗതാഗത പദ്ധതികളുമായും ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളും ആസ്തികളും സൗദി റെയിൽവേ കമ്പനിയിലേക്ക് മാറ്റുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്.