Sorry, you need to enable JavaScript to visit this website.

വിദേശ വ്യാപാരത്തിൽ 23 ശതമാനം വർധന

റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 23 ശതമാനം തോതിൽ വർധിച്ചതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം വിദേശ വ്യാപാരം 1.61 ട്രില്യൺ റിയാലായി ഉയർന്നു. 2017 ൽ ഇത് 1.31 ട്രില്യൺ റിയാലായിരുന്നു. 
വിദേശ വ്യാപാരത്തിൽ 30,530 കോടി റിയാലിന്റെ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം വാണിജ്യ മിച്ചം 59,700 കോടി റിയാലായി ഉയർന്നു. 2017 ൽ ഇത് 31,870 കോടി റിയാലായിരുന്നു. വിദേശ വാണിജ്യ മിച്ചത്തിൽ 88 ശതമാനം വർധനവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തി. 
കയറ്റുമതി 36 ശതമാനം തോതിൽ വർധിച്ചതിന്റെ ഫലമായാണ് വാണിജ്യ മിച്ചം ഉയർന്നത്. കഴിഞ്ഞ വർഷം കയറ്റുമതി 1.1 ട്രില്യൺ റിയാലായി ഉയർന്നു. 2017 ൽ കയറ്റുമതി 81,250 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം കയറ്റുമതിയിൽ 29,200 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം ഇറക്കുമതിയിൽ നേരിയ വർധന രേഖപ്പെടുത്തി. മൂന്നു ശതമാനം വളർച്ചയാണ് ഇറക്കുമതിയിലുണ്ടായത്. കഴിഞ്ഞ കൊല്ലം ആകെ ഇറക്കുമതി 50,700 കോടി റിയാലായിരുന്നു. 2017 ൽ 49,380 കോടി റിയാലിന്റെ ഉൽപന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. കഴിഞ്ഞ കൊല്ലം ഇറക്കുമതിയിൽ 1330 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 
കഴിഞ്ഞ കൊല്ലം പെട്രോൾ കയറ്റുമതി വരുമാനം 36 ശതമാനം തോതിൽ ഉയർന്നു. എണ്ണ കയറ്റുമതിയിലൂടെ 23,000 കോടി റിയാൽ കഴിഞ്ഞ കൊല്ലം അധികം നേടി. കഴിഞ്ഞ വർഷം 86,840 കോടി റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 2017 ൽ ഇത് 63,840 കോടി റിയാലായിരുന്നു. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതും സൗദി അറേബ്യ കയറ്റി അയച്ച എണ്ണയുടെ അളവ് കൂടിയതും കഴിഞ്ഞ കൊല്ലം എണ്ണ കയറ്റുമതി വരുമാനം ഉയരുന്നതിന് ഇടയാക്കി. 
കഴിഞ്ഞ വർഷം പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി 23,600 കോടി റിയാലായി ഉയർന്നു. 2017 ൽ ഇത് 19,170 കോടി റിയാലായിരുന്നു. പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 23 ശതമാനം (4430 കോടി റിയാൽ) വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. വിഷൻ 2030 പദ്ധതി ഫലപ്രദമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി 16 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.  
കഴിഞ്ഞ ഡിസംബറിൽ 4920 കോടി റിയാലിന്റെ വാണിജ്യ മിച്ചമാണ് രാജ്യം നേടിയത്. തുടർച്ചയായി 34 ാമത്തെ മാസമാണ് സൗദി അറേബ്യ വാണിജ്യ മിച്ചം നേടുന്നത്. ഡിസംബറിൽ കയറ്റുമതി 9100 കോടി റിയാലും ഇറക്കുമതി 4190 കോടി റിയാലുമായിരുന്നു. 2017 ഡിസംബറിനെ അപേക്ഷിച്ച് 2018 ഡിസംബറിൽ വാണിജ്യ മിച്ചം 29 ശതമാനം തോതിൽ ഉയർന്നു. 2017 ഡിസംബറിൽ വാണിജ്യ മിച്ചം 3810 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ വാണിജ്യ മിച്ചത്തിൽ 1100 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. 
ഡിസംബറിൽ കയറ്റുമതി 12.5 ശതമാനം തോതിൽ വർധിച്ചു. 2017 ഡിസംബറിൽ കയറ്റുമതി 8090 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ കയറ്റുമതിയിൽ 1010 കോടി റിയാലിന്റെ വർധനയുണ്ടായി. ഇറക്കുമതിയിൽ 2.2 ശതമാനം കുറവ് രേഖപ്പെടുത്തി. 2017 ഡിസംബറിൽ ഇറക്കുമതി 4280 കോടി റിയാലായിരുന്നു. 2017 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ ഇറക്കുമതിയിൽ 92.4 കോടി റിയാലിന്റെ കുറവാണുണ്ടായത്. 
കഴിഞ്ഞ ഡിസംബറിൽ 6997.4 കോടി റിയാലിന്റെ എണ്ണ സൗദി അറേബ്യ കയറ്റി അയച്ചു. 
എണ്ണ കയറ്റുമതിയിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ഡിസംബറിൽ എണ്ണ കയറ്റുമതി വരുമാനം 6210 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ എണ്ണ കയറ്റുമതിയിലൂടെ 790 കോടി റിയാൽ അധിക വരുമാനം ലഭിച്ചു. 
കഴിഞ്ഞ വർഷം ജനുവരിയിൽ 6619.7 കോടി റിയാലിന്റെയും ഫെബ്രുവരിയിൽ 5926.2 കോടി റിയാലിന്റെയും മാർച്ചിൽ 62188.8 കോടി റിയാലിന്റെയും ഏപ്രിലിൽ 6877.7 കോടി റിയാലിന്റെയും മേയിൽ 7440 കോടി റിയാലിന്റെയും ജൂണിൽ 7715.9 കോടി റിയാലിന്റെയും ജൂലൈയിൽ 7705.6 കോടി റിയാലിന്റെയും ഓഗസ്റ്റിൽ 7591.9 കോടി റിയാലിന്റെയും സെപ്റ്റംബറിൽ 7796.6 കോടി റിയാലിന്റെയും ഒക്‌ടോബറിൽ 8587.5 കോടി റിയാലിന്റെയും നവംബറിൽ 7366.4 കോടി റിയാലിന്റെയും ഡിസംബറിൽ 6997.4 കോടി 
റിയാലിന്റെയും എണ്ണയാണ് കയറ്റി അയച്ചത്.

Latest News