- മുഹമ്മദ് ഗസൻഫർ ആലം ചെയർമാൻ
ജിദ്ദ- ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് പുതിയ മാനേജിംഗ് കമ്മിറ്റി നിലവിൽ വന്നു. സ്ഥാനാർഥികൾക്കാവശ്യമായ യോഗ്യത സംബന്ധിച്ച നിബന്ധനകൾ കർശനമാക്കിയതിനെത്തുടർന്ന് ഇത് വരെ ലഭിച്ച നാമനിർദേശ പത്രികകളിൽ നിന്ന് അനുയോജ്യരായ ഏഴു പേരെ ഏകകണ്ഠമായി ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. സ്‌കൂൾ നടത്തിപ്പിന് ഭരണസമിതി നിലവിലില്ലാത്തതിനാൽ അഡ്മിനിസ്‌ട്രേഷൻ, അക്കാദമിക് രംഗങ്ങളിൽ നേരിട്ട സ്തംഭനവും പ്രതിസന്ധിയും ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നാമനിർദേശം ചെയ്യപ്പെട്ട ഏഴുപേർ സംയുക്തമായി സമവായത്തിലൂടെ ചെയർമാനെ തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഗസൻഫർ ആലമിനെയാണ് ചെയർമാനാക്കിയത്. ഇദ്ദേഹത്തിന്റെ ഭരണ കാലാവധി പിന്നീട് നിശ്ചയിക്കും.
ഇന്ത്യൻ സ്‌കൂൾ ഒബ്‌സർവറും ഡെപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലം, സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി മുഹമ്മദലി ഖുദർ, പ്രിൻസിപ്പൽ നജീബ് ഖൈസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മലയാളിയായ ജാഫർ കല്ലിങ്ങപ്പാടത്തേയും ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്തു. മറ്റംഗങ്ങൾ ഇവരാണ്: ഇഖ്‌റമുൽ ബാസിത്ത് ഖാൻ, ഡോ.പ്രിൻസ് മുഫ്തി സിയാവുൽ ഹസൻ, ഡോ.അബ്ദുൽ ബാസിത്ത് ബെൻജാർ, മുഹമ്മദ് ഹുസൈൻ ഖാൻ, ഡോ.അബ്ദുൽ സത്താർ സമീർ.
ഇന്നലെ നിലവിൽ വന്ന ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിൽ ഏക മലയാളി സാന്നിധ്യമായി ജാഫർ കല്ലിങ്ങപ്പാടൻ. മുഹമ്മദ് സഈദ് ഫക്രി കമ്പനിയിൽ ഐ.ടി മാനേജരായി ജോലി ചെയ്യുന്ന ജാഫർ 2006 ൽ ആണ് സൗദിയിൽ പ്രവാസം ആരംഭിക്കുന്നത്. മലപ്പുറം എടക്കര പാലത്തിങ്ങൽ സ്വദേശിയായ ഈ 36 കാരൻ പൗരപ്രമുഖനും മുസ്‌ലിം ലീഗ് സ്ഥാപക നേതാവുമായ കല്ലിങ്ങപ്പാടൻ കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മമ്പാട് എം.ഇ.എസ് കോളേജിൽനിന്ന് ബി.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദം നേടിയതിന് ശേഷം ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് എം.സി.എ കരസ്ഥമാക്കി. ജിദ്ദയിൽ ജോലി ചെയ്യുന്ന നാസർ കല്ലിങ്ങപ്പാടൻ, സൽമാൻ എന്നിവർ സഹോദരങ്ങളാണ്. മാതാവ്: ഖദീജ. ഭാര്യ സിമി, മകൻ അനാൻ എന്നിവരോടൊപ്പം ജിദ്ദ അൽ റിഹാബ് ഡിസ്ട്രിക്ടിലാണ് താമസം.