ശബരിമല വിഷയം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായതോടെ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മാറുമോ എന്ന ചർച്ചയും സജീവായി. ക്രൈസ്തവ, ഹിന്ദു വോട്ടുകൾ വിധി നിർണയിക്കുന്ന പത്തനംതിട്ടയിൽ കോൺഗ്രസിലെ ആന്റോ ആന്റണിയാണ് സിറ്റിംഗ് എം.പി. എന്നാൽ ഇത്തവണ ഹിന്ദു സ്ഥാനാർഥിയെ പരിഗണിച്ചാലോ എന്ന ചിന്ത നേരത്തെതന്നെ കോൺഗ്രസിൽ ഉടലെടുത്തിരുന്നു.
ഇതിനിടയിലാണ് സിറ്റിംഗ് എം.പിമാർ എല്ലാവരും മത്സരിക്കുമെന്ന് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഇതോടെ ആന്റോ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. എന്നാൽ ബി.ജെ.പി പത്തനംതിട്ടയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ സ്ഥാനാർഥിയെ മാറ്റിയാലോ എന്ന ആലോചന വീണ്ടും കോൺഗ്രസിൽ കടന്നുവന്നിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്.
ക്രൈസ്തവ, നായർ, മുസ്‌ലിം വിഭാഗങ്ങൾ സ്വാധീനം ചെലുത്തുന്ന നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുള്ളത്. സാമുദായികമായ ചെറു ചലനം പോലും വിജയത്തെ ബാധിക്കുമെന്നതിനാൽ സ്ഥാനാർഥി നിർണയം വീണ്ടും വീണ്ടും ആലോചനയിലാണ്.
രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണി തന്നെയാണ് സ്ഥാനാർഥി ചർച്ചയിൽ മുന്നിൽ നിൽക്കുന്നത്.
എന്നാൽ പുതിയ കാലാവസ്ഥയിൽ ഹിന്ദു സ്ഥാനാർഥിയെ പരിഗണിക്കണമെന്ന വാദവും ശക്തമാണ്. ഇതിനിടെ, ആന്റോയ്‌ക്കെതിരെ ഹൈക്കമാന്റിൽ ചിലർ സമ്മർദം ചെലുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ വരെ സമീപിക്കുകയും വിശ്വാസികളുടെ സമര രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്ത പ്രയാറിനെ സ്ഥാനാർഥിയാക്കുന്ന കാര്യം പരിഗണനയിൽ വന്നത്. അങ്ങനെയെങ്കിൽ ആന്റോയെ ഇടുക്കിയിലേക്ക് മാറ്റും.
പത്തനംതിട്ടയിൽ ആന്റോ മത്സരിച്ചാൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കളത്തിലിറക്കാനായിരുന്നു ബി.ജെ.പി നീക്കം. എന്നാൽ ആന്റോ മാറുന്നപക്ഷം ബി. രാധാകൃഷ്ണ മേനോനെ രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർഥി ആരാണെന്നത് ഇപ്പോഴും വ്യക്തമല്ല. കോൺഗ്രസ് വിട്ടുവന്ന ഫീലിപ്പോസ് തോമസായിരുന്നു കഴിഞ്ഞ തവണ ഇടതു സ്ഥാനാർഥി.
ഇരുമുന്നണികൾക്കും ബി.ജെ.പിക്കും പത്തനംതിട്ടയിലെ മത്സരം നിർണായകമാണ്. അതുകൊണ്ടുതന്നെ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്കാണ് മുന്നണികൾ മുൻഗണന നൽകുന്നത്.