Sorry, you need to enable JavaScript to visit this website.

ഇരട്ടക്കൊല: പീതാംബരൻ മൊഴിമാറ്റാൻ കാരണം നിയമോപദേശം

കാസർകോട്- പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പീതാംബരന്റെ മൊഴി മാറ്റത്തിന് പിന്നിൽ കോടതിയിൽവെച്ച് അഭിഭാഷകനിൽനിന്ന് ലഭിച്ച നിയമോപദേശം. കാസർകോട് ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ സ്ഥലത്തെത്തിയ പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് അനുസരിച്ചാണ് കോടതി നടപടികൾ പൂർത്തീകരിക്കുന്നതിന് തൊട്ടുമുമ്പ് എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു പീതാംബരൻ പോലീസിനെ തള്ളി നിലപാട് വ്യക്തമാക്കിയത്. മറ്റൊരു പ്രതി സജി ജോർജിനോട് ഇക്കാര്യം പറയാൻ അഭിഭാഷകന് സമയം കിട്ടിയിരുന്നില്ല. അതുകാരണമാണ് എനിക്കൊന്നും പറയാനില്ലെന്ന് സജി കോടതിയിൽ പറഞ്ഞത്.  
പീതാംബരന്റെ കുടുംബവും നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നു. പ്രതിയും കുടുംബവും പറയുന്നതിൽ സാമ്യമുണ്ടായതോടെ കൊലയാളികൾ ആരെന്ന ചോദ്യം ഉയരുകയാണ്. കൃപേഷിനേയും ശരത്തിനെയും കൊല്ലാൻ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് പോലെ കണ്ണൂരിലെ പ്രൊഫഷണൽ കില്ലർമാർ എത്തിയോ, കണ്ണൂരിലെ ഷുഹൈബിനെ വധിച്ച സംഘത്തിലെ അംഗങ്ങളാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. ഉന്നതതല ഗൂഢാലോചന നടത്തി പീതാംബരനെ മുഖ്യപ്രതിയാക്കി കുടുക്കിയതാണോ എന്ന ചോദ്യവും പാർട്ടി കേന്ദ്രങ്ങളിൽ ശക്തമായിട്ടുണ്ട്. എനിക്ക് ഒന്നും അറിയില്ല, ഞാൻ ആരെയും കൊല്ലാൻ പോയിട്ടില്ല..., പോലീസുകാർ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിച്ചതാണ്. എന്നാണ് പീതാംബരൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (സെക്കൻഡ്) യിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റിനോട് പറഞ്ഞത്. 
പീതാംബരന്റെ അമ്മ തമ്പായിയും ഭാര്യ മഞ്ജുവും മകളും പീതാംബരൻ ആരെയും കൊന്നിട്ടില്ലെന്നും പാർട്ടി കുറ്റം തലയിൽ കെട്ടിവെച്ചതാണെന്നും പീതാംബരനെ അറസ്റ്റ് ചെയ്ത ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസുകാരുടെ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് വലത് കൈ ഒടിഞ്ഞതിനെ തുടർന്ന് സ്റ്റീൽ ഇട്ടിരിക്കുകയാണെന്നും പീതാംബരന് ആ കൈ തലക്ക് മേലേക്ക് ഉയർത്തി ആരെയും കൊല്ലാൻ കഴിയില്ലെന്നുമാണ് അമ്മ തമ്പായി പറഞ്ഞത്. അച്ഛൻ കൊന്നതായി വിശ്വസിക്കുന്നില്ലെന്ന് മകളും പറഞ്ഞിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം പീതാംബരന്റെ മൊഴിയിൽ വെട്ടിലാവുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യം മുതൽ തുടങ്ങുകയും ചെയ്യേണ്ട സാഹചര്യമാണ് വന്നുപെട്ടിരിക്കുന്നത്. 
യുവാക്കളെ കൊല്ലിച്ചവരിലേക്ക് അന്വേഷണം എത്തുമെന്നും കൂടുതൽ പേർ പ്രതികളായി വരുമെന്നുമാണ് സൂചനകൾ. പ്രതികളെ സഹായിച്ചവർ അടക്കം 40 ഓളം പേർ കേസിൽ പ്രതികളാകുമെന്ന സൂചനയുമുണ്ട്. 


 

Latest News