തലശ്ശേരി- സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സുപ്രധാന സാക്ഷികളായ സി.പി.എം പ്രവർത്തകർതന്നെ കൂട്ടത്തോടെ കൂറുമാറിയതിനിടെ കൊല്ലപ്പെട്ടയാളുടെ സഹോദരൻ പ്രൊസിക്യൂഷന് അനുകൂലമായ മൊഴി നൽകി. വളപട്ടണം അരയമ്പേത്തെ ഒ.ടി വിനിഷീനെ കൊലപ്പെടുത്തിയ കേസിലാണ് വിനീഷിന്റെ സഹോദരൻ വിമൽകുമാറാണ് വിചാരണ കോടതി മുമ്പാകെ ഇന്നെല അനുകൂല മൊഴി നൽകിയത.് കോടതി വിസ്തരിച്ച സുപ്രധാന സാക്ഷികളായ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ കൂറുമാറിയത് ഏറെ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഗൾഫിൽ ജോലി നോക്കുന്ന സഹോദരൻ ഇന്നലെ കോടതിയിലെത്തി മൊഴി നൽകിയത്. എൻ.ഡി.എഫ് പ്രവർത്തകരായ രണ്ട് പേരാണ് കേസിലെ പ്രതികൾ. ഇതിൽ ഒരു പ്രതി ഐ.എസിൽ ചേർന്നതിനെ തുടർന്ന് വധിക്കപ്പെട്ടിരുന്നു. വളപട്ടണത്തെ മനാഫ്, നൗഫൽ എന്നിവരായിരുന്നു കേസിലെ പ്രതികൾ.
കേസിലെ പ്രതി നൗഫലിനെ ദൃക്‌സാക്ഷികൂടിയായ വിമൽകുമാർ വിചാരണ കോടതി മുമ്പാകെ തിരിച്ചറിഞ്ഞു. പ്രതികൾ സംഭവ സമയത്ത് ഉപയോഗിച്ച ആയുധവും സാക്ഷി തിരിച്ചറിഞ്ഞു. സംഭവ സമയം വിമൽകുമാറിനെയും അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പ്രൊസിക്യൂഷന് ഏറെ സഹായകരമായ മൊഴിയാണ് വിമൽകുമാർ ഇന്നലെ നൽകിയത്. കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഒരു കൊലക്കേസാണ് വഴിത്തിരിവാകുന്നത്.
കേസിൽ വിസതരിച്ച രണ്ടാം സാക്ഷിയായ ജലേഷ് ബസ് ഷെൽട്ടറിൽ വെച്ച് വിനീഷിനെ അക്രമിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയിരുന്നയാളാണ്. തുടർന്ന ജലേഷിനെയും അക്രമി സംഘം മാരകാമായി വെട്ടിയിരുന്നു. ഇയാൾക്ക് അക്രമത്തിൽ വെട്ടേറ്റതിനെ തുടർന്ന് ശരീരത്തിൽ എട്ട് തുന്നിക്കെട്ടലുകൾ വേണ്ടി വന്നിരുന്നു.
കേസിലെ മൂന്നും അഞ്ചും പ്രൊസിക്യൂഷൻ സാക്ഷികളായ കെ.രാജേഷ്,ഷൈജു എന്നിവരെ കോടതി കഴിഞ്ഞ ദിവസം വിസ്തരിച്ചെങ്കിലും രണ്ടു സാക്ഷികളും കൂറുമാറുകയായിരുന്നു. രാജേഷ് സംഭവ സമയം കൊല്ലപ്പെട്ട വിനീഷിന്റെ കൂടെയുണ്ടായിരുന്നയാളാണ്. അഞ്ചാം സാക്ഷിയായ ഷൈജുവും പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നൽകുകയായിരുന്നു. ഇവർ കൂറുമാറിയെങ്കിലും സി.പി.എം പ്രവർത്തകർ തന്നെയാണെന്ന് വിചാരണ കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു. കേസിലെ മഹസർ സാക്ഷിയായ ഷിജിൽ മാത്രമാണ് പ്രൊസിക്യൂഷന് അനുകൂലമായി നേരത്തെ മൊഴി നൽകിയിരുന്നത്. കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത് വന്നിരുന്നു.
കേസിലെ ഒന്നാം പ്രതി ഐ.എസിൽ ചേർന്ന മനാഫ് അടുത്തിടെ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ നൗഫൽ മാത്രമാണ് വിചാരണ നേരിടുന്നത.് പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ.ജോഷി മാത്യുവാണ് ഹാജരാകുന്നത.് 2009 മെയ് 13ന് രാത്രി അരയമ്പേത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ അക്രമി സംഘം വിനീഷിനെയും സഹോദരൻ വിമൽകുമാറിനെയും അക്രമിച്ചത.് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സക്കിടെ പിറ്റേ ദിവസം മരിക്കുകയായിരുന്നു.