ദുബായ്- പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം അങ്ങേയറ്റം വഷളായിരിക്കെ കടലിനിക്കരെ നിന്നും സമാധാനത്തിനായി ഒരു അഭ്യര്‍ഥന. സമാധാനത്തിന് ഒരു അവസരം നല്‍കൂ എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് പാക്കിസ്ഥാനി സാമൂഹിക പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സെഹ്‌യാര്‍ മിര്‍സ.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് നടക്കുന്ന വിഷം വമിക്കുന്ന പ്രസ്താവനകളില്‍ മനം മടുത്താണ് മിര്‍സയുടെ സമാധാന അഭ്യര്‍ഥന. #antihatechallenge എന്ന ഹാഷ്ടാഗില്‍ അവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന പോസ്റ്ററുമായാണ് മിര്‍സയുടെ പ്രചാരണം.
പുല്‍വാമക്ക് ശേഷം യുദ്ധസമാനമായ അവസ്ഥയാണ് ഉടലെടുത്തിരിക്കുന്നതെന്നും സമൂഹത്തിന്റെ നിശബ്ദത തന്നെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലേയും സമാധാന പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് മിര്‍സയുടെ അഭ്യര്‍ഥന.
പ്രചാരണം ഏറ്റെടുത്തുകൊണ്ട് ദുബായില്‍ നിരവധി പ്രവാസികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്കായി പലേടത്തും മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയുണ്ടായി.