കുവൈത്ത് സിറ്റി- ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് കുവൈത്തിലെത്തി. എന്‍.ബി.ടി.സി കാര്‍ണിവലില്‍ പങ്കെടുക്കാനാണ് താരം കുവൈത്തില്‍ എത്തിയത്.
കേരളത്തില്‍ കായികതാരങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് അഞ്ജു പറഞ്ഞു. ദേശീയ തലങ്ങളിലും മറ്റും മികവ് പുലര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കാറുള്ള ജോലി പോലും കൃത്യമായി നല്‍കാറില്ലെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച കായിക താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ ഉന്നത പദവികളാണ് നല്‍കാറുള്ളത്. രാജ്യാന്തര താരങ്ങള്‍ക്ക്‌പോലും കേരളം നല്‍കാറുള്ളത് ക്ലാര്‍ക്ക് തസ്തികയാണെന്നും അവര്‍ പറഞ്ഞു.
ബംഗളൂരുവില്‍ അഞ്ജു ബോബി ജോര്‍ജ് അക്കാദമി കായിക രംഗത്ത് കുരുന്നുകളെ കണ്ടെത്തി പരിശീലിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം കായിക പരിശീലനവും എന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. എന്‍.ബി.ടി.സി മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഏബ്രഹാമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.