ക്ഷീണം തീർക്കാൻ സി.പി.എം അണികളിലേക്ക്
കാസർകോട്- പെരിയ കല്ല്യോട്ട് രണ്ടു യൂത്ത് കോൺഗ്രസ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പാർട്ടിയെക്കെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാനും മുഖം നന്നാക്കാനും സി.പി.എം നേതൃത്വം അണികൾക്ക് ഇടയിലേക്ക്. കൊലപാതകങ്ങളെ തുടർന്ന് പാർട്ടിക്കുണ്ടായ തിരിച്ചടിയും ക്ഷീണവും മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങുന്നത്. കല്ല്യോട്ട് സംഭവത്തിന്റെ നിജസ്ഥിതികൾ പാർട്ടി അംഗങ്ങളെയും ഭാരവാഹികളെയും ബോധിപ്പിക്കുന്നതിനാണ് സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ജില്ലാ നേതൃത്വം വിശദീകരണ യോഗങ്ങൾ ഏരിയാ തലങ്ങളിൽ വിളിച്ചു ചേർക്കുന്നത്. പാർട്ടിയുടെ അംഗങ്ങളെയും ഏരിയാ,ലോക്കൽ കമ്മറ്റി സെക്രട്ടറിമാർ, അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമ യോഗം നീലേശ്വരം ആരാധന ഓഡിറ്റോറിയത്തിൽ ചേർന്നു. മാർച്ച് ഒന്നിന് പെരിയയിൽ ജില്ലയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നീലേശ്വരത്തെ യോഗത്തിന്റെ തുടക്കത്തിൽ ഏരിയാ സെക്രട്ടറി ടി.കെ രവിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. കല്ല്യോട്ട് കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കൊലപാതകം നടത്തുന്ന കാര്യം പീതാംബരൻ പാർട്ടിയെ അറിയിച്ചിട്ടില്ലെന്നുമാണ് യോഗത്തിൽ സംബന്ധിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അംഗങ്ങളോട് വിശദീകരിച്ചത്. പീതാംബരൻ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ കൊലപാതകമാണ് കല്ല്യോട്ട് നടന്നത്. നമ്മുടെ പാർട്ടിയുടെ ഏതെങ്കിലും മുതിർന്ന നേതാക്കളോ ലോക്കൽ ഭാരവാഹികളോ, ജനപ്രതിനിധികളോ ഈ കൊലപാതകം നടത്തുന്ന കാര്യം ഒരിക്കൽ പോലും അറിഞ്ഞിട്ടില്ല. പീതാംബരനും കൂടെയുള്ളവർക്കും കൊല്ലപ്പെട്ട യുവാക്കളോട് ഉണ്ടായിരുന്ന പ്രതികാരം കൊലപ്പെടുത്തി തീർത്തതാണ്. തികച്ചും പ്രാദേശികമായി ഉണ്ടായ വൈരാഗ്യം കൊലയിൽ എത്തിയപ്പോൾ അത് രാഷ്ട്രീയ എതിരാളികൾ പാർട്ടിയോടെ തലയിൽ കെട്ടിവെച്ചു മുതലെടുപ്പ് നടത്താൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു എന്നാണ് അംഗങ്ങൾക്ക് പാർട്ടി ജില്ലാ സെക്രട്ടറി നൽകിയ വിശദീകരണം. പീതാംബരനെ ഇരുമ്പുവടി കൊണ്ട് അടിച്ചു ഒരു പരുവത്തിലാക്കിയതിന് ആ സംഭവം നടത്തിയ യുവാക്കളോട് അന്ന് നമ്മുടെ ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരന് വൈരാഗ്യമുണ്ടായിരുന്നു. ആ നാട്ടിൽ തുടർച്ചയായി ഉണ്ടായിരുന്ന ആക്രമണങ്ങൾ കൊലയിൽ കലാശിക്കുകയായിരുന്നു. അതല്ലാതെ ഇതിന്റെ പിന്നിൽ പാർട്ടി അറിഞ്ഞു കൊണ്ടുള്ള യാതൊരു ഇടപടലും നടന്നിട്ടില്ലെന്നും ഗൂഢാലോചനയുണ്ടായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി തുറന്നുപറഞ്ഞു. ഈ ഹീനകൃത്യം നടത്തിയതിന് അയാളെ സി പി എമ്മിൽ നിന്ന് പുറത്താക്കിയതായും എം വി ബാലകൃഷ്ണൻ മാസ്റ്റർ പറയുന്നു. അതേസമയം ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തോടെ യോഗം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. പാർട്ടി അംഗങ്ങൾക്ക് ചർച്ച ചെയ്യാനോ തിരിച്ചു അങ്ങോട്ട് എന്തെങ്കിലും സംശയം ഉന്നയിക്കാനോ അവസരം ഉണ്ടായിരുന്നില്ല .പെരിയയിലെ പാർട്ടി യോഗത്തിൽ മുതിർന്ന സി പി എം നേതാക്കൾ സംബന്ധിക്കും. കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുമെന്നാണ് അറിയുന്നത്.